തിരുവനന്തപുരം; ഇന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതായി സ്ഥിരീകരിച്ചത് തലസ്ഥാന ജില്ലയിൽ തന്നെ. ഇന്ന് തിരുവനന്തപുരത്ത് 219 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ 210 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നതും ആശങ്കപ്പെടുത്തുന്നു. ജില്ലയിൽ രോഗം മൂലം ഒരാൾ കൂടി മരണമടഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ(63) ആണ് ആഗസ്റ്റ് അഞ്ചിന് രോഗം മൂലം മരണമടഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് മൂലം ജില്ലയിൽ മരണപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്. ജില്ലയിൽ രോഗം മൂലം ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 3000ത്തിനു മുകളിലാണ്. അതേസമയം, സംസ്ഥാനത്ത് ആകമാനം രോഗം മൂലം മരിച്ചത് 97 പേർ.
സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് ആയിരം കടന്നു. 1017 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. വിദേശത്ത് നിന്നും വന്നവരിൽ 78 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 170 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.