ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ കുൽഗാം ജില്ലയിൽ ബി.ജെ.പി സർപഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. സജാദ് അഹമ്മദ് ഖാൻഡെയാണ് കൊല്ലപ്പെട്ടത്. കാസിഗുണ്ട് ബ്ലോക്കിലെ വെസുവിലെ വസതിക്കു സമീപത്ത് വച്ചാണ് സജാദിന് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ.
ആക്രണത്തിൽ സജാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 48 മണിക്കൂറിനിടെ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ ബി.ജെ.പി സർപഞ്ചാണ് സജാദ്. ചൊവ്വാഴ്ച വൈകിട്ട് ഭീകരരുടെ ആക്രമണത്തിൽ ബി.ജെ.പി സർപഞ്ചായ ആരിഫ് അഹമ്മദിന് പരിക്കേറ്റിരുന്നു. അഖ്‌റാന്‍ കാസിഗുണ്ടിൽ വച്ചായിരുന്നു ആരിഫിനു നേർക്ക് ആക്രമണം ഉണ്ടായത്.