ന്യൂഡൽഹി: ഈ ഐ.പി.എൽ സീസൺ ചെെനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോ സ്പോൺസർ ചെയ്യില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ.വിവോയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സ്പോൺസർഷിപ്പ് ഈ വർഷത്തേക്ക് ഒഴിവാക്കിയതായി ബി.സി.സി.ഐ അറിയിച്ചത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐ.പി.എല്‍. യു.എ.ഇ, ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ മൂന്ന് വേദികളിലായാണ് മത്സരം നടക്കുക. ചെെനയ്ക്കെതിരെ രാജ്യത്ത് വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെെനീസ് കമ്പനിയായ വിവോയെ മത്സരത്തിന്റെ ഭാഗമാക്കുന്നതിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു.
അതിർത്തിയിലെ ഇന്ത്യ-ചെെന സംഘർഷത്തെ തുടർന്ന് നേരത്തെ ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിക്കുകയും ചൈനീസ് നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം വിവോയെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിനാൽ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുന്നതിനായി ബി.സി.സി.ഐ ഉടൻ ടെണ്ടര്‍ വിളിക്കാനാണ് സാദ്ധ്യത.