ലോസ്ആഞ്ചലസ് : കഴിഞ്ഞ മാസം മുതൽ അമേരിക്ക, കാനഡ, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് ചൈനയിലെ അജ്ഞാത കേന്ദ്രത്തിൽ നിന്നും തപാൽ വഴി ദുരൂഹമായ ചില വിത്ത് പാക്കറ്റുകൾ ലഭിച്ചിരുന്നു. തപാൽ പെട്ടികൾ വഴി 'മെയ്‌ഡ് ഇൻ ചൈന' എന്ന് രേഖപ്പെടുത്തിയ സ്‌റ്റിക്കർ ഒട്ടിച്ച പാക്കറ്റുകളാണ് ആയിരക്കണക്കിന് പേരുടെ കൈകളിലെത്തിയത്.
ഇപ്പോഴിതാ വിത്ത് പായ്ക്കറ്റുകൾക്ക് പിന്നാലെ ന്യൂയോർക്ക്, ജോർജിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തങ്ങൾ ഓർഡർ ചെയ്തിട്ടില്ലാത്ത വസ്തുക്കൾ ചൈനയിൽ നിന്നും എത്തുന്നതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിസിൽ മുതൽ റെയ്ബാൻ ഗ്ലാസ് വരെയുള്ള സാധനങ്ങളാണ് ചൈനയിൽ നിന്നും പാഴ്സലായി ലഭിക്കുന്നത്. റെയ്ബാൻ ഗ്ലാസ് ഒന്നും ഒറിജിനൽ അല്ല. അസൽ ചൈനീസ് ' വ്യാജ റെയ്ബാൻ ഗ്ലാസ് ' ആണ് ലഭിക്കുന്നത്. ചൈനീസ് നിർമിത ഫേസ് മാസ്കുകളും ലഭിച്ചവരുണ്ട്. ചിലർക്കാകട്ടെ ഉപയോഗിച്ച് പഴകിയ സോക്സ് ആണ് ലഭിച്ചത്. സംഭവത്തിൽ യു.എസ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കടുക്, കാബേജ്, റോസ്മേരി തുടങ്ങിയവയുടെ സ്പീഷിൽപ്പെട്ട വിത്തുകളാണ് നേരത്തെ ലഭിച്ചതിൽ ചിലതെന്ന് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ' ബ്രഷിംഗ് സ്കാമി'ന്റെ ഭാഗമാണോ ഇവയെന്നാണ് അധികൃതർ സംശയിക്കുന്നത്. ഓർഡർ ചെയ്യാത്ത ഒരു വ്യക്തിയുടെ അഡ്രസിലേക്ക് സാധനങ്ങൾ അയയ്ക്കുകയും അവരുടെ പേരിൽ തങ്ങളുടെ വെബ്സൈറ്റിൽ വ്യാജ റിവ്യൂ രേഖപ്പെടുത്തുകയും ചെയ്യുന്ന ഇ - കൊമേഴ്സ് തട്ടിപ്പു രീതിയാണ് ഇത്. യാതൊരു കാരണവശാലും ചൈനയിൽ നിന്നുള്ള വിത്ത് പായ്ക്കറ്റുകൾ പൊട്ടിക്കരുതെന്നും ഇത് ലഭിക്കുന്നവർ തങ്ങൾക്ക് കൈമാറണമെന്നും യു.എസ് അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചിരുന്നു.