മാഞ്ചസ്റ്റർ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഒാപ്പണർ ഷാൻ മസൂദിന്റെ (156) മികവിൽ ആദ്യ ഇന്നിംഗ്സിൽ 326 റൺസിലെത്തി പാകിസ്ഥാൻ. മഴ തടസപ്പെടുത്തിയ ആദ്യ ദിനത്തിൽ 46 റൺസുമായി നിൽക്കുകയായിരുന്ന ഷാൻ ഇന്നലെ ലഞ്ചിന് ശേഷമാണ് തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയത്. രണ്ടാം ദിവസം ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് 62/4 എന്ന നിലയിലാണ്.
ആദ്യ ദിനം 139/2 എന്ന നിലയിലാണ് കളി നേരത്തേ അവസാനിപ്പിച്ചിരുന്നത്.69 റൺസുമായി ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ബാബർ അസം രാവിലത്തെ ആദ്യ ഒാവറിൽ അതേ സ്കോറിൽ പുറത്തായി. 106 പന്തുകളിൽ 11 ബൗണ്ടറികൾ പറത്തിയിരുന്ന ബാബർ ആൻഡേഴ്സന്റെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ ആസാദ് ഷഫീഖ് (7), മുഹമ്മദ് രിസ്‌വാൻ (9) എന്നിവരെക്കൂടി പാകസ്ഥാന് നഷ്ടമായി. ഷഫീഖിനെ ബ്രോഡിന്റെ പന്തിൽ സ്റ്റോക്സാണ് പിടികൂടിയത്. രിസ്‌വാൻ വോക്സിന്റെ പന്തിൽ കീപ്പർ ബട്ട്ലർക്ക് ക്യാച്ച് നൽകി. ഇതോടെ പാകിസ്ഥാൻ 176/5 എന്ന നിലയിലായി.
തുടർന്ന് ഷദാബ് ഖാനെ(45) കൂട്ടുനിറുത്തിയാണ് ഷാൻ മസൂദ് ടീമിനെ 200 കടത്തിയത്. നേരിട്ട 251-ാമത്തെ പന്തിൽ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഷാൻ സെഞ്ച്വറിയിലെത്തിയത്.
സെമ്മ്വറിക്ക് ശേഷവും ഷാൻ പൊരുതിനിന്നെങ്കിലും ഷദാബ് വീണതോടെ മറുവശത്ത് പിന്തുണ നൽകാൻ ആളില്ലാതെയായി. 319 പന്തുകൾ നേരിട്ട് 18ഫോറും രണ്ട് സിക്സും പറത്തിയിരുന്ന ഷാൻ മസൂദ് ഒൻപതാമത്തെ വിക്കറ്റായാണ് മടങ്ങിയത്. ബ്രോഡ് മസൂദിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു.ഇംഗ്ളണ്ടിനായി ബ്രോഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ദിവസം ചായയ്ക്ക് ശേഷം മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് 12 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. റോറി ബേൺസ് (4),ഡോം സിബിലി (8),ബെൻ സ്റ്റോക്സ് (0) എന്നിവരെ ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് അബ്ബാസും ചേർന്നാണ് മടക്കി അയച്ചത്. നായകൻ റൂട്ടിനെ(14) ടീം സ്കോർ 62ലെത്തിയപ്പോൾ യാസിർ ഷാ മടക്കി.