മുംബയ് : ഇൗ വർഷം ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരായി ചൈനീസ് മൊബൈൽ കമ്പനി വിവോ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ ഒൗദ്യോഗികമായി അറിയിച്ചു. അതിർത്തിയിലെ ചൈനീസ് അധിനിവേശത്തിന്റെ പേരിൽ വിവോയെ ഐ.പി.എൽ സ്പോൺസറായി നിലനിറുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ സ്പോൺസർഷിപ്പ് ഉപേക്ഷിക്കാൻ വിവോ തയ്യാറാവുകയായിരുന്നു.
പ്രതിവർഷം 440 കോടിരൂപയോളം വച്ച് 2017ലാണ് അഞ്ചുവർഷത്തേക്ക് ബി.സി.സി.ഐയും വിവോയും തമ്മിൽ 1290 കോടിയുടെ കരാർ ഒപ്പിട്ടത്. ഇൗ വർഷത്തേക്ക് മാത്രമായി വിവോ പിന്മാറുന്നതിനെക്കുറിച്ചാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇൗ വർഷത്തെ ടൂർണമെന്റ് യു.എ.ഇയിൽ തുടങ്ങാൻ ഒന്നര മാസത്തിൽ താഴെമാത്രം ശേഷിക്കേ ബി.സി.സി.ഐ പുതിയ സ്പോൺസർമാരെ തേടുകയാണ്.