ബംഗളൂരു: കുളത്തിൽ മീനിന് ഭക്ഷണം കൊടുക്കാനായി എത്തിയ യുവാവിന്റെ ഓട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനിന് തീറ്റ കൊടുക്കാൻ വന്നയാൾ എന്തിനാ ഓടുന്നതെന്ന് ചിന്തിക്കാൻ വരട്ടെ. ഭക്ഷണം കൊത്തിക്കഴിക്കാനെത്തിയത് മീനല്ല നല്ല ഒന്നാന്തരമൊരു പാമ്പ്. പിന്നെ ജീവനും കൊണ്ട് ഓടാതെ പറ്റുമോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വീഡിയോ വന്നതോടെയാണ് സംഭവം വൈറലായത്. ഇയാൾ സ്ഥിരമായി മീനുകൾക്ക് തീറ്റ കൊടുക്കാനായി കുളത്തിനരികിൽ എത്താറുണ്ട്. കുളത്തിനുള്ളിൽ കൈനീട്ടിയാണ് കക്ഷി തീറ്റ കൊടുക്കാറ്. ഇക്കുറിയും അങ്ങനെ തന്നെ ചെയ്തെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ കൈ പുറത്തെടുത്തപ്പോഴാണ് നമ്മുടെ പാമ്പ് തല പൊക്കി നോക്കിയത്. ജീവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കക്ഷി. ആള് ഓടിയ വഴി പുല്ലു പോലും കുരുത്തിട്ടില്ലെന്നത് മറ്റൊരു വിഷയം. ആളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.