മാഞ്ചസ്റ്റർ: ഇംഗ്ലണ്ട്-പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഐ.സി.സി കൊവിഡ് പ്രോട്ടോക്കോളിന്റെ ലംഘനം. ടോസിനുശേഷം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും പാക് നായകൻ അസ്ഹർ അലിയും അറിയാതെ ഹസ്തദാനം ചെയ്യുകയായിരുന്നു.
ടോസ് വിജയിച്ച അസ്ഹർ അലി പ്രോട്ടോക്കോൾ മറന്ന് ജോ റൂട്ടിന് കൈ കൊടുക്കുകയായിരുന്നു. ജോ റൂട്ട് ഈ കൈ സ്വീകരിക്കുകയും ചെയ്തു. പെട്ടെന്ന് അസ്ഹർ തെറ്റ് തിരിച്ചറിഞ്ഞു. ചിരിച്ചുകൊണ്ട് കൈവിട്ടു.
കഴിഞ്ഞ മാസം സതാംപ്ടണിൽ നടന്ന ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റിനിടെ വിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡറും ഇതേ തെറ്റ് ചെയ്തിരുന്നു. ഹസ്തദാനത്തിന് തൊട്ടടുത്ത് എത്തിയിരുന്നു ഹോൾഡർ. എന്നാൽ അന്ന് ക്യാപ്റ്റനായിരുന്ന ബെൻ സ്റ്റോക്ക്സ് പിന്മാറിയതിനാൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായില്ല.
കൊവിഡ് സാഹചര്യത്തിൽ ഐ.സി.സി പുതിയ നിമയങ്ങളോടെയാണ് മത്സരങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഹസ്തദാനം ചെയ്യുക, പന്തിൽ തുപ്പൽ തേക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം വിലക്കിയിട്ടുണ്ട്.