manoj

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനോജ് സിൻഹയെ ജമ്മുകാശ്‌മീർ ലഫ്.ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കി. ഗിരീഷ് ചന്ദ്ര മർമു കഴിഞ്ഞ ദിവസം രാജിവച്ച ഒഴിവിലാണ് നിയമനം. നാളെ വിരമിക്കുന്ന കംപ്‌ട്രോളർ ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷിയുടെ പിൻഗാമിയായി മർമുവിനെ നിയമിച്ചേക്കും.

കേന്ദ്ര ഭരണ പ്രദേശമായി മാറിയ ജമ്മുകാശ്‌മീരിന്റെ ആദ്യ ലഫ്. ഗവർണറായി കഴിഞ്ഞ ഒക്‌ടോബറിലാണ് 1985 ഗുജറാത്ത് ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മർമുവിനെ നിയമിച്ചത്. ഒഡീഷ സ്വദേശിയായ മർമു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ നരേന്ദ്രമോദിക്കൊപ്പമുണ്ട്. പ്രധാനമന്ത്രിയായപ്പോൾ കേന്ദ്രധനകാര്യ മന്ത്രാലയത്തിൽ നിയമിക്കുകയും കേന്ദ്ര സർവീസിൽ കാലാവധി നീട്ടി നൽകുകയും ചെയ്‌തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്‌തനായ മർമുവിനെ കേന്ദ്രസർക്കാരിന്റെ കണക്കുകൾ പരിശോധിക്കുന്ന സി.എ.ജിയുടെ തലവനായി നിയമിക്കുമെന്നാണ് സൂചന.

ഒന്നാം മോദി സർക്കാരിൽ റെയിൽവെ, കമ്മ്യൂണിക്കേഷൻ മന്ത്രിയായിരുന്ന മനോജ് സിൻഹ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വസ്‌‌തനായ മനോജ് സിൻഹയെ ലഫ്. ഗവർണറായി നിയമിച്ചതോടെ ജമ്മുകാശ്‌മീരിൽ ഉടൻ തിരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹം ശക്തമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ ശ്രീനഗർ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.