china-

ബീജിംഗ് : മയക്കുമരുന്ന് കേസിൽ പ്രതിയായ കനേഡിയൻ പൗരന് വധശിക്ഷ വിധിച്ച് ചൈന. കീറ്റാമൈൻ മയക്കുമരുന്ന് കൈവശം വച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗുവാൻഷൂ പ്രവിശ്യയിലെ കോടതിയാണ് ഷൂ വെയ്ഹോംഗ് എന്നയാൾക്ക് വധശിക്ഷ വിധിച്ചത്. ഇയാളുടെ സുഹൃത്തായ വെൻ ഗുവാൻഷിയോംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ചൈനയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാമത്തെ കനേഡിയൻ പൗരനാണിയാൾ.

ചൈനയുടെ വാവേയ് കമ്പനിയുടെ എക്സിക്യൂട്ടിവ് അംഗമായ മെംഗ് വാൻഷൗവിനെ 2018ൽ വാൻകൂറിൽ വച്ച് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനിടെയാണ് അടുത്ത വധശിക്ഷ.

2016 ഒക്ടോബർ മുതൽ ഷൂ വെയ്ഹോംഗും സുഹൃത്തും ചേർന്ന് കീറ്റാമൈൻ നിർമിക്കാൻ തുടങ്ങിയതായും തുടർന്ന് പൊലീസ് ഷൂവിന്റെ പക്കൽ നിന്നും 120 കിലോഗ്രാം കീറ്റാമൈൻ പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ചൈന - കാനഡ സംഘർഷങ്ങളുമായി ഈ കേസിന് യാതൊരു ബന്ധവുമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷമാണ് മയക്കുമരുന്ന് കടത്തിന്റെ പേരിൽ റോബർട്ട് ലോയ്‌ഡ്, ഫാൻ വെയ് എന്നീ രണ്ട് കനേഡിയൻ പൗരന്മാർക്ക് ചൈന വധശിക്ഷ വിധിച്ചത്. ഈ വർഷം ആദ്യം ചാരവൃത്തി ആരോപിച്ച് മൈക്കൽ സ്പാവോർ, മൈക്കേൽ കോവ്‌റിഗ് എന്നീ കനേഡിയൻ പൗരന്മാരെ ചൈന പിടികൂടിയിരുന്നു.