indrani

മുംബയ്: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ബിസിനസുകാരിയുമായ ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ സി.ബി.ഐ പ്രത്യേക കോടതി തള്ളിക്കളഞ്ഞു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുൻപും ഇന്ദ്രാണിയുടെ ജാമ്യാപേക്ഷകൾ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് കഴിഞ്ഞ ഡിസംബറിൽ മുംബയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഇന്ദ്രാണി ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആരോപണ വിധേയനായ പീറ്റർ മുഖർജിയുടെ മകൻ രാഹുൽ മുഖർജി, ഇന്ദ്രാണിയുടെ മറ്റൊരു മകൾ വിധി (കൊലക്കേസിൽ കൂട്ടുപത്രിയായ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയിലുണ്ടായ മകൾ) എന്നിവരെ ഇനിയും വിസ്തരിക്കാനുണ്ട്. അവരെ ഇന്ദ്രാണി സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2012ലാണ് 24കാരിയായ മകൾ ഷീന ബോറയെ ഇന്ദ്രാണി കൊലപ്പെടുത്തിയത്.