rama

ന്യൂഡൽഹി: വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽനിന്നു പാക്കിസ്ഥാൻ പിന്മാറണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. ‘ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ പാക്കിസ്ഥാന്റെ പത്രക്കുറിപ്പ് കണ്ടു. ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും പാക്കിസ്ഥാൻ വിട്ടുനിൽക്കണം’ ശ്രീവാസ്തവ വ്യക്തമാക്കി.

അതിര്‍ത്തി കടന്നു ഭീകരപ്രവര്‍ത്തനം നടത്തുകയും സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നതല്ല. എന്നിരുന്നാലും ഇത്തരം അഭിപ്രായങ്ങൾ അങ്ങേയറ്റം ഖേദകരമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിനു മുന്നോടിയായി ശിലാസ്ഥാപനം നടത്തിയതിനെതിരെ പാക്കിസ്ഥാൻ വിമർശിച്ചിരുന്നു.