ന്യൂഡൽഹി : തെന്നിന്ത്യൻ താരം റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങൾക്ക് തുടക്കമായി. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളുടെ ഫോട്ടോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹൈദരാബാദിൽ മിഹീകയുടെ വസതിയിലാണ് ഹൽദി ചടങ്ങുകൾ നടന്നത്.
മഞ്ഞ നിറത്തിലെ ട്രെഡീഷണൽ ലെഹങ്കയണിഞ്ഞാണ് മിഹീക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഔട്ട്ഫിറ്റിനൊപ്പം വ്യത്യസ്ഥമായ മിഹീകയുടെ ആഭരണങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. സ്വർണത്തിനും ഡയമണ്ടിനും പകരം കമ്മലും വളയും മോതിരവുമെല്ലാം ചിപ്പികൾ കൊണ്ടുണ്ടാക്കിയതാണ് എന്നതാണ് പ്രത്യേകത.
വെള്ള നിറത്തിലെ ഷർട്ടിൽ സിംപിൾ ലുക്കിലാണ് റാണ. 8ന് ഹൈദ്രബാദിലെ രാമനായിഡു സ്‌റ്റുഡിയോയിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇരുവരുടെയും വിവാഹം. 30 പേരാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
ബിസിനസുകാരനായ സുരേഷ് ബജാജിന്റെയുും ജുവലറി ഡിസൈനറായ ബന്റി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയർ ഡിസൈനിംഗ് ബിരുദധാരിയായ മിഹീക ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്‌റ്റുഡിയോ എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നുണ്ട്.