pic

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അക്ഷമരായിട്ട് കാര്യമില്ലെന്നും അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറെ വിവാദമായ സ്വർണക്കടത്ത് വിഷയത്തിൽ ആദ്യമായാണ് ഗവർണർ പ്രതികരിക്കുന്നത്. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും ഗവർണർ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേസിൽ എൻ.ഐ.എ.യുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞത്. "സ്വർണ്ണക്കടത്തു കേസിൽ എൻ.ഐ.എ അന്വേഷണം തുടരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന സഹകരണം വിദേശകാര്യമന്ത്രാലയം നൽകുന്നുണ്ട്," എന്നായിരുന്നു അനുരാഗ് ശ്രീവാസ്തവയുടെ മറുപടി.

അതേസമയം കേസിൽ കസ്റ്റംസ് പിടികൂടിയ മൂന്ന് പ്രതികള്‍ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി. ഒമ്പതാം പ്രതി മുഹമ്മദ് അൻവര്‍, 13ാം പ്രതി അബ്ദുള്‍ ഷമീം, 14ാം പ്രതി ജിഫ്സല്‍ സി.ബി എന്നിവരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികൾ നാളെ കോടതി പരിഗണിച്ചേക്കും. ഇവര്‍ നേരത്തെ നല്‍കിയ ജാമ്യഹര്‍ജി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി തള്ളിയിരുന്നു.