മുബെയ്: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്ക് എതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐക്ക് വിട്ടത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, തെറ്റായ നിയന്ത്രണം, തെറ്റായി തടവിൽ ഇടൽ, മോഷണം, ക്രിമിനല്‍ വിശ്വാസലംഘനം, വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സുശാന്ത് സിംഗ് മരിച്ച് അമ്പത്തിരണ്ട് ദിവസം പിന്നിടുമ്പോഴാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സാമ്പത്തിക ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ റിയയെ ചോദ്യം ചെയ്യും.
അതെസമയം, കേസ് അന്വേഷണത്തിനായി മുബെയിലെത്തിയിരുന്ന പാറ്റ്‌ന പൊലീസ് സംഘം ബിഹാറിലേക്ക് മടങ്ങി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബീഹാര്‍ പൊലീസെടുത്ത എ.ഫ്.ഐ.ആറിന്റെ പകര്‍പ്പും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സുശാന്തുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിയ മുബെയ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മുന്‍പ് അവസാനമായി സുശാന്ത് പല തവണ റിയയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു.
റിയ ചക്രബര്‍ത്തിക്ക് പുറമേ, ഇന്ദര്‍ജിത് ചക്രബര്‍ത്തി, സന്ധ്യ ചക്രബര്‍ത്തി,എസ്. ഷോയിക് ചക്രബര്‍ത്തി ,എസ് സാമുവല്‍ മിറാന്‍ഡ, ശ്രുതി മോദി തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സുശാന്തിന്റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരന്‍ ഷോയിക് ചക്രബര്‍ത്തിയും പങ്കാളികളാണ്.