ബോളിവുഡ് സിനിമ രംഗത്തെ പുരുഷമേധാവിത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി രവീണ ഠണ്ടൺ. ഇത്തരം വ്യവസ്ഥകളെ അംഗീകരിക്കാത്തതു കൊണ്ട് സിനിമ മേഖലയിൽ തന്നെ അഹങ്കാരിയായി മുദ്രകുത്തിയെന്നും രവീണ പറയുന്നു. ഒരു അഭിമുഖത്തിലാണ് രവീണ ഇക്കാര്യം വ്യക്തമാക്കിയത്.
''എനിക്ക് സിനിമയിൽ ഗോഡ് ഫാദറില്ലായിരുന്നു. ഞാൻ ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതിനാൽ തന്നെ എന്നെ പ്രമോട്ട് ചെയ്യാൻ നായകൻമാരും ഇല്ലായിരുന്നു. അവസരങ്ങൾക്ക് വേണ്ടി നായകൻമാർക്കൊപ്പം കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ പലർക്കും ഞാൻ വലിയ അഹങ്കാരിയായിരുന്നു. നായകൻമാർ ചിരിക്കാൻ പറയുമ്പോൾ ചിരിക്കാനും ഇരിക്കാൻ പറയുമ്പോൾ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല.'' രവീണ പറഞ്ഞു.വനിതാ മാദ്ധ്യമപ്രവർത്തകർ പോലും തനിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നില്ലെന്നും, അവരെല്ലാം അതിപ്രശസ്തരായ പുരുഷതാരങ്ങൾക്കൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചതെന്നും നടി കുറ്റപ്പെടുത്തി. ഇവർ തന്നെയാണ് വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങൾ എഴുതികൊണ്ടിരുന്നതും രവീണ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ നടി രവീണ ബോളിവുഡ് സിനിമയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയായി.തുടക്കകാലത്ത് താനും സിനിമയിലെ വൃത്തികെട്ട രാഷ്ട്രീയത്തിന് ഇരയായിരുന്നുവെന്ന് രവീണ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.നായകൻമാരാലും അവരുടെ പെൺസുഹൃത്തുക്കളാലും ചിലർ സിനിമയിൽ നിന്നും ഒഴിവാക്കപ്പെടാറുണ്ട്. വ്യാജ വാർത്തകൾ അവർക്കെതിരേ നിരന്തരം നൽകും. അത് അവരുടെ കരിയർ നശിപ്പിക്കും. ചിലർ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറും മറ്റുചിലർക്ക് അതിന് സാധിക്കാറില്ല.സത്യം തുറന്നു പറയുമ്പോൾ പലപ്പോഴും നുണയരാണെന്ന് മുദ്രകുത്തപ്പെടും. പക്ഷേ, താൻ പോരാടി കരിയർ തിരിച്ചുപിടിക്കുകയായിരുന്നെന്ന് രവീണ പറഞ്ഞു