ഫ്ലോറിഡ: മുഖത്ത് ധരിച്ച മാസ്‌ക് മാറ്റണമെന്ന നിര്‍ദ്ദേശം അനുസരിക്കാത്ത കുട്ടിയുടെ മുഖത്ത് തുപ്പി 47 കാരന്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ജേസണ്‍ കോപെന്‍ഹാവെര്‍ എന്നയാളാണ് നീചമായ ഈ പ്രവൃത്തി ചെയ്തത്. ഫ്ലോറിഡയിലെ ട്രഷര്‍ ഐലൻഡിൽ ഒരു ഭക്ഷണശാലയില്‍ മാസ്‌ക് ധരിച്ചെത്തിയ കുട്ടിയുടെ നേരെയാണ് ഇയാളുടെ ആക്രമണമുണ്ടായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണശാലയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് എത്തിയ ജേസണ്‍ മാസ്‌ക് മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അനുസരിക്കാത്ത കുട്ടിയുടെ കൈകള്‍ മുറുക്കെ പിടിക്കുകയും അയാളുടെ മുഖം കുട്ടിയുടെ മുഖത്തിന്റെ അടുത്ത് കൊണ്ടുവന്ന ശേഷം, ഇപ്പോള്‍ നിനക്കും കൊറോണ വൈറസ് വന്നു എന്നു പറയുകയായിരുന്നു. ജേസന്റെ മുഖം തന്റെ മുഖത്തിന് വളരെ അടുത്ത് കൊണ്ടുവന്നുവെന്നും അയാളുടെ ഉമിനീര്‍ തന്റെ മുഖത്ത് തെറിച്ചുവെന്നു കുട്ടിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, കുട്ടിയുടെ പ്രായം പോലീസ് വെളിപ്പെടുത്തിയില്ല.
പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെ ഇയാളെ നിയന്ത്രിക്കുവാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ ജേസണ്‍ മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു. ചെരുപ്പ് ധരിക്കാതെ വിചിത്രമായാണ് പെരുമാറിയതെന്നും ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും റസ്റ്റോറന്റ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. എന്തൊക്കെ കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. കസ്റ്റഡിയില്‍ എടുത്ത ഇയാളെ 650 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടതായും ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമയം, ഇയാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.