ബീജിംഗ്: പാകിസ്ഥാനിലെ തങ്ങളുടെ നിക്ഷേപങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലെ രണ്ട് ഗ്രൂപ്പുകളെ ആഗോള ഭീകരരായി പ്രഖ്യാപിക്കാൻ യു.എൻ രക്ഷാസമിതിയെ സമീപിക്കണമെന്ന ചൈനയുടെ ആവശ്യം പാകിസ്ഥാനെ വെട്ടിലാക്കി.
ഇന്ത്യയ്ക്കെതിരെ ഒരു ചട്ടുകമായി ഉപയോഗിച്ച് മേഖലയിൽ ആധിപത്യം നേടാനുള്ള സൗഹൃദമേ പാകിസ്ഥാനുമായി ചൈനയ്ക്കുള്ളൂ. സ്വന്തം താത്പര്യങ്ങളെ ഹനിക്കുന്നതൊന്നും ചൈന പൊറുക്കില്ല. ബലൂചിസ്ഥാന്റെയും സിന്ധിന്റെയും സ്വാത്വന്ത്ര്യത്തിനായി പോരാടുന്ന രണ്ട് ഗ്രൂപ്പുകൾ സംയുക്തമായാണ് ചൈനീസ് സ്ഥാപനങ്ങൾ ആക്രമിക്കുന്നത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ ) ഉൾപ്പെടെ നാല് ഭീകര ഗ്രൂപ്പുകൾ ബലൂച് രാജി അജോഹി സംഘർഷ് (ബലൂച് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന സഖ്യമുണ്ടാക്കി. ഈ സഖ്യം സിന്ധ് പ്രവിശ്യയിലെ സിന്ധുദേശ് റവലൂഷണറി ആർമിയുമായി ജൂലായ് 25 നാണ് കൈകോർത്തത്. 2000ൽ രൂപം കൊണ്ട ബലൂച് ലിബറേഷൻ ആർമിയെ പാകിസ്ഥാനും അമേരിക്കയും ബ്രിട്ടനും ഭീകരസംഘടനയായി പ്രഖ്യാപിച്ചതാണ്.
ചൈനയ്ക്കെതിരെ ബി.എൽ.എ
2018ൽ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റ് ആക്രമിച്ചു. 2017ൽ ചൈനീസ് കമ്പനികളുടെ കൺസോർഷ്യം കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി. 2019ൽ ചൈനയിലെ ഷെൻസെൻ സ്റ്റോക് എക്സ്ചേഞ്ചുമായി സഹകരണ കരാറുണ്ടാക്കി. അതിന് പിന്നാലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമിച്ചു. അത് ഓഹരി വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കി. 2019ൽ ബലൂചിസ്ഥാനിലെ ഗ്വാദറിലുള്ള ഹോട്ടലിൽ ചൈനീസ് ടൂറിസ്റ്റുകളെ ആക്രമിച്ചു.
ചൈനയുടെ സാമ്പത്തിക ഇടനാഴി
പാകിസ്ഥാനിലേക്കുള്ള സാമ്പത്തിക ഇടനാഴി വഴി ബലൂചിസ്ഥാനും സിന്ധും നിയന്ത്രണത്തിലാക്കാനാണ് ചൈനയുടെ ശ്രമമെന്ന് ഭീകര സഖ്യം ആരോപിച്ചിട്ടുണ്ട്. ചൈന പാകിസ്ഥാനിലെമ്പാടും നിർമ്മിക്കുന്ന റോഡും, റെയിൽവേയും വൈദ്യുത നിലയങ്ങളും ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളുടെ ബൃഹദ് ശൃംഖലയാണ് സാമ്പത്തിക ഇടനാഴി. പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ വിദേശ നയത്തിലെ സ്വപ്ന പദ്ധതിയായി 70 രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായ ഇടനാഴി അധിനിവേശ കാശ്മീരിലേക്ക് വരെ നീളുന്നുണ്ട്. അതാണ് ഇന്ത്യ ബെൽറ്റ് ആൻഡ് റോഡിനെ എതിർക്കുന്നത്.
2013ൽ 4600 കോടി ഡോളർ എസ്റ്റിമേറ്റിൽ തുടങ്ങിയ ഇടനാഴിയുടെ ഇപ്പോഴത്തെ അടങ്കൽ 6200 കോടി ഡോളറാണ് (4.65 ലക്ഷം കോടി രൂപ). ഈ നിക്ഷേപം കരുവാക്കി പാകിസ്ഥാനെ വരുതിയിൽ നിർത്താനാണ് ചൈനയുടെ ശ്രമം. ഇത്രയും മുതൽ മുടക്കുന്ന ചൈനയെ പിണക്കാനും ഇണക്കാനും പറ്റാത്ത ധർമ്മസങ്കടത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
കുരുക്കിലായി ഇമ്രാൻ
ഉറ്റ സുഹൃത്തായ ചൈനയുടെ ആവശ്യപ്രകാരം രക്ഷാസമിതിയെ സമീപിച്ചാൽ ബലൂച്, സിന്ധ് പ്രവിശ്യകളിലെ സ്വാതന്ത്ര്യ പോരാട്ടവും ഭീകരപ്രവർത്തനവും ആഗോള വേദിയിൽ എത്തും. കാശ്മീരിൽ ഭീകരത അഴിച്ചുവിടുന്നതോടൊപ്പം കാശ്മീർ പ്രശ്നം ലോകവേദികളിൽ എത്തിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന് സ്വന്തം നാട്ടിലെ വിഘടന - ഭീകരപ്രവർത്തനങ്ങൾക്ക് ലോകത്തോട് സമാധാനം പറയേണ്ടിവരും.