death-

ആര്യനാട്: പഴക്കംചെന്ന കൂറ്റൻ ആഞ്ഞിലിമരം ശക്തമായ കാറ്റിൽ റോഡിലേക്ക് പാടെ ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന്റെ ജീവൻ പൊലിഞ്ഞു. നെടുമങ്ങാട് കെ.എസ്.ഇ.ബി സെക്‌ഷൻ ഒാഫീസിലെ മസ്ദൂർ ജീവനക്കാരനായ ഉഴമലയ്ക്കൽ കുളപ്പട സുവർണനഗർ എ.കെ.ഭവനിൽ ബി.അജയകുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.35ന് ആര്യനാട് നെടുമങ്ങാട് റോഡിൽ കാരനാടിന് സമീപം മഞ്ചെമൂല വളവിലാണ് അപകടം. ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ശക്തമായി വീശിയ കാറ്റിൽ ആഞ്ഞിലി മരം ഒടിഞ്ഞ് അജയകുമാറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പകുതിയോളം ഉണങ്ങിയ നിലയിലായിരുന്നു ആഞ്ഞിലിമരം. കാലുകൾ മാത്രം പുറത്തുകാണാവുന്ന നിലയിൽ മരത്തിനടിയിൽപ്പെട്ട അജയകുമാർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും നെടുമങ്ങാട് ഫയർഫോഴ്സും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയാണ് അജയകുമാറിനെ പുറത്തെടുത്തത്. ആര്യനാട് 33 കെവി സബ് സ്റ്റേഷന്റെ ഇലക്ട്രിക് ലൈനിന്റെ ടവറിനും നാശം സംഭവിച്ചു. റോഡിൽനിന്ന് മരം നീക്കംചെയ്ത് 10 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:കവിത. മക്കൾ:ആരതി, ആദർശ്.