ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വരവുചെലവു കണക്കുകള്‍ പരിശോധിക്കുന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഫ് ഇന്ത്യയുടെ(സി.എ.ജി) സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തൻ. കാശ്മീർ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ഈ പദവിയിലേക്ക് എത്തിയത്. ഇതിനു മുന്നോടിയായി അദ്ദേഹം കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പി നേതാവ് മനോജ് സിന്‍ഹയാണ് കാശ്മീരിന്റെ പുതിയ ലഫ്. ഗവര്‍ണര്‍. ഓഗസ്റ്റ് എട്ടിന് നിലവിലെ സി.എ.ജി രാജീവ് മെഹര്‍ഷിക്ക് 65 വയസാകുന്ന സാഹചര്യത്തിൽ അദ്ദേഹം ഒഴിയുന്ന സ്ഥാനത്തേക്കാണ് മുര്‍മു എത്തുന്നത്. ഒഴിച്ചിടാന്‍ പറ്റാത്ത ഭരണഘടനാ പദവിയാണ് സി.എ.ജി.
1985ലെ ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുര്‍മു, മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. മോദിയുടെ കീഴിൽ കേന്ദ്ര ധനമന്ത്രാലയത്തിൽ ചെലവു വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു മുർമു . കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ പദവിയില്‍ ഒരു വര്‍ഷം തുടർന്ന ശേഷമാണ് മുർമു സി.എ.ജി സ്ഥാനത്തേക്ക് എത്തുന്നത്.