pic

ലണ്ടൻ: കൊവിഡ് പ്രതിരോധത്തിനായി വാങ്ങിയ 50 ദശലക്ഷം മാസ്കുകൾ ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി യു.കെ സർക്കാർ. മാസ്കുകൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ നീക്കം. 252 ദശലക്ഷം പൗണ്ടിന്റെ കരാറാണ് മാസ്ക് നിർമാണത്തിനായി നിക്ഷേപ സ്ഥാപനമായ അയണ്ട ക്യാപിറ്റലുമായി കഴിഞ്ഞ ഏപ്രിലിൽ സർക്കാർ ഒപ്പുവച്ചത്. കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായാണ് ഇത്രയും മാസ്കുകൾ സർക്കാർ വാങ്ങിയിരുന്നത്.കൊവിഡ് പ്രതിരോധ സാധനങ്ങൾ വാങ്ങാനുളള കരാറിൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മാസ്കുകൾ നിലവാരമില്ലാത്തതാണെന്നും പലതും കൃത്യമായി പാകമാകുന്നില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ രേഖകളിൽ പറയപ്പെടുന്നു. സുരക്ഷാ ഉപകരണങ്ങൾക്കായി സർക്കാർ ഒപ്പിട്ട കരാറുകൾ കോടതി അവലോകനം ചെയ്യണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. മാർച്ചിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് തന്നെ ആവശ്യമായ മാസ്കുകളും കെെയുറകളും സാനിറ്റൈസറുകളും രാജ്യത്തില്ലെന്ന് വ്യക്തമായിരുന്നു. ആ സാഹചര്യത്തിലാണ് കോടികണക്കിന് സുരക്ഷാ ഉപകരണങ്ങൾ വാങ്ങികൂട്ടാൻ സർക്കാർ തുടക്കമിട്ടത്.

അതേസമയം അയണ്ട ക്യാപിറ്റൽ വിതരണം ചെയ്ത 150 ദശലക്ഷത്തോളം മാസ്കുകൾ പരീക്ഷിച്ച് വരികയാണെന്നും യു.കെ സർക്കാർ അറിയിച്ചു. മാസ്കുകൾ ഉയർന്ന നിലവാരമുള്ളതാണെന്നും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ശക്തമായ പരിശോധനകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു.