കൊവിഡ് രോഗമുക്തി നേടിയവർക്ക് വ്യാപകമായി മുടികൊഴിച്ചിലുണ്ടാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വൈവര്‍ കോര്‍പ് ഫെയ്സ്ബുക് ഗ്രൂപ്പ് 1500 ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. സര്‍വേയിൽ പങ്കെടുത്ത 27 ശതമാനം പേരും മുടികൊഴിച്ചില്‍ പ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
ടെലോജന്‍ എഫ്‌ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം കൊവിഡ് രോഗമുക്തി നേടിയ ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്‌ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ടെലോജന്‍ എഫ്‌ളുവിയം എന്താണ്?
മുടിക്ക് ഒരു വളര്‍ച്ചാ ഘട്ടവും ഒരു വിശ്രമ ഘട്ടവുമുണ്ട്. സാധാരണ സമയങ്ങളിൽ 90 ശതമാനം മുടികളും വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലായിരിക്കും. എന്നാല്‍ ശരീരം എന്തെങ്കിലും ഒരു സമ്മര്‍ദ ഘട്ടത്തിലെത്തിയാല്‍ അത് സംരക്ഷണ മോഡിലേക്ക് മാറും. മുടിയുടെ വളര്‍ച്ചാ ചക്രത്തില്‍ മാറ്റം വരികയും കൂടുതല്‍ മുടിയിഴകള്‍ വിശ്രമ ഘട്ടത്തിലേക്ക് മാറുകയും ചെയ്യും. ഇത് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. സൗന്ദര്യശാസ്ത്രപരമായി നോക്കിയാല്‍ മുടി പ്രധാനപ്പെട്ടതായി തോന്നുമെങ്കിലും
ചില ഘട്ടങ്ങളിൽ ശരീരം മുടിയെ ശ്രദ്ധിക്കാറില്ലെന്ന് ചര്‍മരോഗ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം പഴയ രീതിയിലാകുമെന്നും പോയ മുടികള്‍ തിരിച്ചെത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.