heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ ഉരുൾ പൊട്ടൽ. ഇടുക്കിയിൽ പീരുമേട്ടിലും,മേലെ ചിന്നാറിലും ഉരുൾപൊട്ടലുണ്ടായി. പീരുമേട്ടിൽ മൂന്നിടത്താണ് ഉരുൾ പൊട്ടിയത്. ഉരുൾ പൊട്ടലിൽ ആളപായമില്ല. തൂവൽ,പെരിഞ്ചാംകുട്ടി, മേലെ ചിന്നാർ മേഖലകളിൽ ജാഗ്രത നിർദേശം നൽകി.കോഴിക്കോട് വിലങ്ങാട് മലയിലും ഉരുൾപൊട്ടലുണ്ടായി.

കല്ലാർകുടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്.ഏലൂരിലെ 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊന്മുടി ഡാമിന്റെയും ഷട്ടറുകൾ തുറന്നു. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. കബനി നദി കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി.

ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടന്ന് നിലമ്പൂരിൽ വെള്ളം കയറി.നിലമ്പൂർ-ഗൂഡല്ലൂർ പാതയിലെ ഗതാഗതം തടസപ്പെട്ടു. മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വടക്കോട്ട് കാസർകോട് വരെ എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും. നാളെ തിരുവനന്തപുരം,​ കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം കൂടുതൽ അപകടസാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. കേരളതീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.