ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19,254,157 ആയി ഉയർന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 717,655 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 12,355,351 പേർ രോഗമുക്തി നേടി.ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്.
ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. മരണസംഖ്യ 41,000 പിന്നിട്ടു. പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ ഏഴാംദിവസവും അരലക്ഷം കടന്നു. 13,28,336 പേർ രോഗമുക്തി നേടി. അമേരിക്കയിലും സ്ഥിതി കൂടുതൽ വഷളാവുകയാണ്. രോഗബാധിതരുടെ എണ്ണം 5,032,179 ആയി. 162,804 പേരാണ് ഇതുവരെ യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 162,804 പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 2,917,562 ആയി ഉയർന്നു. 98,644 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞത്. 2,047,660 പേർ രോഗമുക്തി നേടി. കൊവിഡ് വ്യാപനം ഒരു പരിധി വരെ തടഞ്ഞു നിറുത്താനായ പല രാജ്യങ്ങളും ഇപ്പോൾ രണ്ടാം ഘട്ട വ്യാപന ഭീതിയിലാണ്. ഇന്തൊനേഷ്യയിൽ ഇന്നലെ മാത്രം 69 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,521 ആയി. ആകെ രോഗികളുടെ എണ്ണം 118,753ആയി ഉയർന്നു.
മൂന്നാംഘട്ട വ്യാപനം രൂക്ഷമായ ഹോങ്കോംഗിൽ ഇന്നലെ 95 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ ബെൽജിയത്തിൽ നിന്ന് എത്തുന്നവർക്ക് 14 ദിന ക്വാറന്റൈൻ ബ്രിട്ടൻ നിർബന്ധമാക്കി. സ്‌പെയിൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് നേരത്തെ തന്നെ ഈ നിയമം ബാധകമാക്കിയിരുന്നു.
പോളണ്ടിൽ സ്ഥിതി രൂക്ഷമാണ്. ദിനവും എഴുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉക്രെയ്നിൽ കഴിഞ്ഞ ദിവസം 1,271 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇളവുകൾ നീക്കം ചെയ്തതോടെയാണ് രാജ്യത്ത് വീണ്ടും കൊവിഡ് രൂക്ഷമായത്.