വാഷിംഗ്ടൺ: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിരോധനം പ്രാബല്യത്തിൽ വരുത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചു. 45 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഉത്തരവ് നിലവിൽ വന്ന ശേഷം അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്നും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. നേരത്തേ സർക്കാർ അനുവദിച്ച ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക് ടോകിനെ പൂർണ്ണമായി നിരോധിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്.
അതേസമയം അമേരിക്കയിൽ ടിക് ടോക്കിന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ മൈക്രോ സോഫ്റ്റ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്റ്റംബർ 15ന് മുമ്പ് ഈ കരാർ നടപ്പാക്കണമെന്നും ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ടിക് ടോകിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കിയത്.
ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ- ചൈന സംഘർത്തെ തുടർന്ന് ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ടിക് ടോക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃക കമ്പനിയായ ബൈറ്റ് ഡാൻസിന് ഏകദേശം 4200 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവാൻ പോവുന്നതെന്നാണ് റിപ്പോർട്ട്.