munnar

ഇടുക്കി: കനത്തമഴയിൽ മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചു. രക്ഷപ്പെടുത്തിയ പത്തുപേരെ ടാറ്റാ ഹൈ റേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പളനിയമ്മ, സരസ്വതി, ദീപൻ, കീർത്തി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. മറ്റുളളവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അറുപതോളം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. രാജമല പെട്ടിമുടിയിൽ കണ്ണൻദേവൻ എസ്റ്റേറ്റിനോട് ചേർന്ന് എൺപത്തിമൂന്നുപേർ താമസിക്കുന്ന നാല് ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഈ നാലു ലയങ്ങൾ പൂർണമായും ഒലിച്ചുപാേയി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

mannidichil

തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തകർക്കുളള പ്രധാന തടസം. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയുളള ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ രണ്ടുമണിക്കൂർ വേണം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.

കനത്ത മഴപെയ്യുന്നതിനാൽ പ്രദേശത്ത് ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായിരിക്കുകയാണ്. ദിവസങ്ങളായി വൈദ്യുതിയും നിലച്ചിരിക്കുകയാണ്. ജീപ്പുകൾക്ക് മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുക. അപകടസ്ഥലത്തെ പുറംലോകവുമായി ബന്ധിക്കുന്ന പെരിയവര പാലം കഴിഞ്ഞ പ്രളയകാലത്ത് തകർന്നിരുന്നു. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിർമ്മാണത്തിലിരിക്കുന്ന പാലം രക്ഷാപ്രവർത്തനത്തിനായി ഭാഗികമായി തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയോട് അപകടസ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിലും തൃശൂരും നിന്നുമുളള സംഘങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

munnar2

കനത്ത മഴയെത്തുടർന്ന് ഇവിടെ മണ്ണിടച്ചിലുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. മണ്ണിടിഞ്ഞ വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്.