diamond

ഭോപ്പാൽ: നേരം ഇരുട്ടിവെളുത്തപ്പോൾ ഖനി തൊഴിലാളി കോടിപതിയായി. മദ്ധ്യപ്രദേശിലെ പന്ന ജില്ലയിലെ സുബാൽ എന്നയാൾക്ക് ഖനിയിൽ പണിയെടുക്കുന്നതിനിടെ കിട്ടിയത് 35 ലക്ഷം രൂപ വിലവരുന്ന മൂന്ന് വജ്രങ്ങൾ.ഖനിയിൽ പണിയെടുക്കുന്നതിനിടെ 7.5 കാരറ്റ് തൂക്കം വരുന്ന മൂന്ന് വജ്രങ്ങൾ സുബാൽ എന്നയാൾക്ക് കിട്ടിയതായി പന്ന ജില്ലാ ഡയമണ്ട് ഓഫീസർ ആർ.കെ പാണ്ഡെ പറഞ്ഞു.

സുബാൽ വജ്രകല്ലുകൾ ജില്ലാ ഡയമണ്ട് ഓഫീസിൽ നൽകിയിട്ടുണ്ടെന്നും, സർക്കാർ നിയമപ്രകാരം ലേലം ചെയ്യുമെന്നും പാണ്ഡെ പറഞ്ഞു.12 ശതമാനം നികുതി കുറച്ച ശേഷം ഡയമണ്ടിന് ലഭിക്കുന്ന വിലയിൽ 88 ശതമാനം സുബാലിന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

30 ലക്ഷം മുതൽ 35 ലക്ഷം വരെ വജ്ര കല്ലുകൾക്ക് കിട്ടുമെന്ന് വിദഗ്ദ്ധർ പറയുന്നു.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മദ്ധ്യപ്രദേശിലെ ബുന്ദൽഖണ്ഡ് മേഖലയിലെ പന്നയിലെ ഒരു ഖനിയിൽ നിന്ന് ഒരാൾക്ക് 10.69 കാരറ്റ് വജ്രം കിട്ടിയിരുന്നു.