heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുളള ന്യൂനമർദ്ദത്തിന് പുറമേ ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊളളുമെന്നും ഇതിന്റെ സ്വാധീനത്തിൽ കനത്തമഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പല ജില്ലകളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മൂന്നാറിൽ കണ്ണൻദേവൻ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന നാല് ലയങ്ങളിലേക്ക് മണ്ണിടിഞ്ഞുവീഞ്ഞു. നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കനത്തമഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

കേരളത്തിൽ അതിതീവ്രമഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്രത്തോളം മഴ പെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. മലപ്പുറം, വയനാട് ജില്ലകളോടു ചേർന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ അതിതീവ്രമഴയാണ് പെയ്തത്. നീലഗിരി ജില്ലയിലെ അവലാഞ്ചിയിൽ 58 സെന്റീമീറ്ററും അപ്പർ ഗൂഡല്ലൂരിൽ 31 സെന്റീമീറ്ററുമാണ് ഒറ്റദിവസംകൊണ്ട് പെയ്തത്. ഇത് നിലമ്പൂരിനെയും സമീപപ്രദേശങ്ങളെയും കാര്യമായി ബാധിച്ചു.