പണ്ടൊക്കെ കൂടുതലും കഴിച്ചിരുന്നത് കപ്പയും ചമ്മന്തിയുമാണ്. ഇന്നും
അതു തന്നെയാണ് ഇഷ്ട ഭക്ഷണം .പോയകാല ജീവിതത്തെ അനുസ് മരിക്കുന്നു
ഹരിശ്രീ അശോകൻ
ഞാനഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പഞ്ചാബി ഹൗസിലേതായത് കൊണ്ടല്ല വീടിന് പഞ്ചാബി ഹൗസ് എന്ന പേരിട്ടത്. അതിലൊരു 'ഹൗസ് " ഉണ്ട്. (ചിരി). പള്ളിപ്പറമ്പിൽ ഹൗസ് എന്നാണ് എന്റെ ശരിക്കുള്ള വീട്ടുപേര്. അത് തറവാടാണ്. സരിതാ തിയേറ്ററിനടുത്ത് ബസലിക്കപള്ളിയുടെ പിറകിലായിരുന്നു ആ വീട്.
ഓർക്കാൻ ഒരുപാടുള്ളൊരു കാലമാണത്. വിശന്ന് വലഞ്ഞിരിക്കുമ്പോൾ ഒരല്പം ഭക്ഷണം കിട്ടുന്നതും വിശപ്പില്ലാത്ത സമയത്ത് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിശക്കുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന് രുചി കൂടും. എന്തുഭക്ഷണം കിട്ടിയാലും കഴിക്കുന്നയാളാണ് ഞാൻ. പണ്ടൊക്കെ കൂടുതലും കഴിച്ചിരുന്നത് കപ്പയും ചമ്മന്തിയുമാണ്. ഇന്നും അതു തന്നെയാണ് ഇഷ്ട ഭക്ഷണം . അന്നതേയുണ്ടായിരുന്നുള്ളു. ഇന്നിപ്പോൾ അങ്ങനെയല്ലെന്ന് മാത്രം.
അച്ഛന് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്ക് കോർപറേഷനിലായിരുന്നു ജോലി.പണ്ടൊക്കെ അച്ഛൻ റിക്ഷ ചവിട്ടുമായിരുന്നു. പിന്നീട് റിക്ഷ വാടകയ്ക്ക് കൊടുക്കാൻ തുടങ്ങി. മടിയും മദ്യപാനവുമൊക്കെയായി അച്ഛൻ മറ്റൊരു വഴിക്കായി. അമ്മയാണ് ഞങ്ങളെ വളർത്തിയത്. ഒമ്പത് മക്കളെയും വളർത്തി വലുതാക്കിയ അമ്മ മക്കൾക്ക് ഭക്ഷണം നൽകിയിരുന്നത് ഒാട്ടുപിഞ്ഞാണത്തിലായിരുന്നു. തറവാട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് വരുമ്പോൾ എന്റെ ഒാട്ടുപിഞ്ഞാണവും അമ്മയെയും മാത്രമേ ഞാൻ കൂടെക്കൂട്ടിയുള്ളു.
മുനറുൽ ഇസ്ളാം ഹൈസ്കൂളിൽ പഠിക്കുമ്പോൾ മോണോ ആക്ടിലാണ് എന്റെ കലാപ്രവർത്തനങ്ങളുടെ തുടക്കം. എറണാകുളം മാർക്കറ്റിനടുത്തായിരുന്നു സ്കൂൾ. ആ സ്കൂളൊന്നും ഇപ്പോഴില്ല. പഠിക്കാൻ മോശമൊന്നുമല്ലായിരുന്നെങ്കിലും കലാകായിക മത്സരങ്ങളിലായിരുന്നു മുന്നിൽ. സേവനവാരം വന്നാലും സ്പോർട്സ് വന്നാലും മുൻപന്തിയിലുണ്ടാവും. കലാമത്സരങ്ങൾക്ക് രണ്ടുദിവസം മുമ്പേ റിഹേഴ്സൽ തുടങ്ങും. രാത്രി സ്കൂളിൽ റാന്തൽ വിളക്കൊക്കെ കത്തിച്ച് വച്ചാണ് റിഹേഴ്സൽ.തെങ്ങിൽ കയറി തേങ്ങയിടുക, ചമ്മന്തി അരയ്ക്കുക, കപ്പ പുഴുങ്ങുക തുടങ്ങി എന്തിനും ഞാനുണ്ടാവും. രാത്രി വീട്ടിൽ നിന്ന് സ്കൂളിൽ നാടക റിഹേഴ്സലിനും മറ്റുമായി വരുമ്പോൾ അനുഭവിച്ചിരുന്ന ആവേശവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. നാടകത്തിനും ലളിതഗാനത്തിനുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ട്. എട്ടാം ക്ളാസിലൊക്കെയായപ്പോൾ സ്കൂളിന് പുറത്ത് പല മത്സരങ്ങളിലും ഞാൻ ഒറ്റയ്ക്ക് പങ്കെടുക്കാൻ തുടങ്ങി.പലയിടത്തും നിന്നും സമ്മാനങ്ങൾ കിട്ടി. മോണോ ആക്ടിനായിരുന്നു കൂടുതലും. സമ്മാനം കിട്ടുമ്പോൾ അടുത്ത ദിവസം ഞാനത് അസംബ്ളി തുടങ്ങും മുൻപേ സ്കൂളിൽ ചെന്ന് ഹെഡ്മിസ്ട്രസിന് കൈമാറും.ഇന്നൊരു സന്തോഷ വാർത്തയുണ്ടെന്ന് പറഞ്ഞ് ഹെഡ്മിസ്ട്രസ് അസംബ്ളിയിൽ അത് അനൗൺസ് ചെയ്യും. മാഷുമാരുടെയും പിള്ളേരുടെയും അപ്പോഴത്തെ കൈയടി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങാറുണ്ട്. ആ കൈയടിയും പ്രോത്സാഹനവുമാണ് എന്റെ വളർച്ചയ്ക്ക് കാരണം.
തുടർന്ന് എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിലും സംസ്ഥാന കലോത്സവത്തിലും മോണോആക്ടിന് ഒന്നാം സ്ഥാനം കിട്ടി. സ്കൂളിനെ സംബന്ധിച്ച് അതൊരു ചരിത്ര സംഭവമായിരുന്നു.സ്കൂളിലെ പിള്ളേരെല്ലാം കൂടി പിരിവിട്ട് എനിക്ക് സമ്മാനമായി ബോംഗസ് ഡ്രംസ് വാങ്ങിത്തന്നു. ആദ്യം കിട്ടിയ ആ സമ്മാനം എന്റെ വീട്ടിലിപ്പോഴുമുണ്ട്.
എസ്.എസ്.എൽ.സിക്ക് തെറ്റില്ലാത്ത മാർക്കോടെ പാസായി.എന്നാൽ വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ കാരണം ഉപരിപഠനത്തിന് പോകാൻ കഴിഞ്ഞില്ല.ജോലിയില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു.അങ്ങനെ പിക് ആക്സുമായി റോഡ് കുത്തിപ്പൊളിക്കാനിറങ്ങി. ആ സമയത്ത് തന്നെ ഞാൻ കൊച്ചിൻ നാടക വേദിയിൽ നാടകം കളിക്കാനും തുടങ്ങി. മുപ്പത് രൂപയായിരുന്നു ഒരു സ്റ്റേജ് കളിക്കുമ്പോൾ കിട്ടിയിരുന്ന ശമ്പളം. അത് വീട്ടുചെലവിനൊരാശ്വാസമായിരുന്നു. പിന്നെ കാമൽ തിയറ്റേഴ്സിന്റെ ബൈബിൾ നാടകങ്ങളും കളിച്ചു. അവിടുന്നാണ് കലാഭവന്റെ ഗാനമേളകളുടെ ഇടവേളയിൽ മിമിക്രി കളിക്കാൻ പോകുന്നത്. പിന്നീട് ഹരിശ്രീയിലേക്ക്...
റോഡിൽ ടെലിഫോൺ കേബിളിടാൻ വേണ്ടി കുത്തിക്കുഴിച്ച് നിൽക്കുമ്പോൾ ആളറിയാതിരിക്കാൻ ഞാൻ തലയിലൂടെ തോർത്ത് വട്ടംചുറ്റിയിടുമായിരുന്നു. ഒരു ദിവസം ഒരു കൂട്ടുകാരൻ എന്നെ കണ്ടുപിടിച്ചു. ''ങാ...നിനക്ക് ജോലിയായോ?""
''ങാ ജോലിയായെടാ. കുഴികുത്തുന്ന ജോലിയാണ്.""
''എന്നാലും നിനക്ക് ജോലിയായില്ലേടാ. ""
കൂട്ടുകാരന്റെ ആവേശം കണ്ടപ്പോഴാണ് ഞാൻ തലവഴി മൂടിയ തോർത്തൊക്കെ വലിച്ചെറിഞ്ഞ് കളഞ്ഞത്. പിന്നീട് കേന്ദ്ര ഗവൺമെന്റ് ജീവനക്കാരനായി. ആ ജോലിയിൽ നിന്ന് വി.ആർ.എസ് എടുത്താണ് സിനിമയിലേക്ക് വന്നത്.
സിനിമാ മോഹമൊന്നും എന്റെ മനസിലുണ്ടായിരുന്നില്ല. ഹരിശ്രീയിലായിരുന്നപ്പോൾ അവർ നിർമ്മിച്ച സിനിമയായിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ. സിദ്ദിക്ക് ലാലിന്റേതായിരുന്നു സ്ക്രിപ്ട്. സത്യൻ അന്തിക്കാടായിരുന്നു സംവിധാനം. ആ സമയത്ത് അതിലൊരു ചെറിയ വേഷം ചെയ്തു. പിന്നീട് കുറേ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ.പഞ്ചാബി ഹൗസാണ് ശരിക്കും ക്ളിക്കായ സിനിമ.അതിന് ശേഷം നിന്നു തിരിയാൻ സമയമുണ്ടായിരുന്നില്ല.കുറേ കഴിയുമ്പോൾ ഒരേ തരത്തിലുള്ള വേഷം മടുക്കും.ആ സമയത്താണ് വീടുപണിയും മകളുടെ വിവാഹമൊക്കെ വന്നത്. രണ്ടുവർഷം ഞാൻ രണ്ട് പടമേ ചെയ്തുള്ളൂ. രണ്ടും മമ്മൂക്കയുടെ കൂടെ.നല്ല വേഷത്തിനായുള്ള കാത്തിരിപ്പ് ഗുണം ചെയ്തുവെന്നാണ് വിശ്വാസം.നായകനാകാൻ ഓഫറുകൾ വരുന്നുണ്ട്. പക്ഷേ അങ്ങനെയൊരു സിനിമ ചെയ്യുമ്പോൾ നല്ലൊരു സെറ്റപ്പിലേ ചെയ്യൂ.പഴയൊരു അനുഭവമാണ് ഇതിന് കാരണം.ആകാശമെന്ന സിനിമയിലാണ് ഒടുവിൽ നായകനായത്. അത് നല്ലൊരു സിനിമയായിരുന്നു. എന്നാൽ മോശം സമയത്താണ് റിലീസ് ചെയ്തത്. ഒരു അവാർഡിന് പോലും ആ സിനിമ അയച്ചതുമില്ല.
താടി എന്റെ ട്രേഡ് മാർക്കാണ്. താടിവച്ചിട്ട് ഞാൻ ശ്രീകൃഷ്ണന്റെ വേഷം വരെ ചെയ്തിട്ടുണ്ട്. പെൺവേഷവും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ലൈസൻസ് മലയാള സിനിമയിൽ എനിക്ക് മാത്രമേയുള്ളൂ.
താടിവടിച്ചഭിനയിച്ച ചില സിനിമകൾ മോശമാകുകയും ചെയ്തു. പിന്നീട് പലരോടും താടിയെടുക്കട്ടേയെന്ന് ചോദിച്ചപ്പോൾ '' വേണ്ട താടിയുള്ള അശോകനെയാ ആളുകൾക്കിഷ്ട""മെന്നായിരുന്നു മറുപടി. സിനിമയിൽ ചെറിയൊരു അന്ധവിശ്വാസം നിലനില്ക്കുന്ന കാലഘട്ടത്തിലായിരുന്നു അത്. ഇപ്പോഴങ്ങനെയൊന്നുമില്ല.സൂര്യൻ എന്ന സിനിമയിൽ ഞാൻ താടിയും മീശയുമില്ലാതെയാണ് അഭിനയിച്ചത്. ലൊക്കേഷനിൽ ഷൂട്ടിംഗ് കാണാൻ വന്ന ചില സ്ത്രീകൾ ചോദിച്ചു: ''ആരൊക്കെയുണ്ട്. "" ജയറാമും ഹരിശ്രീ അശോകനുമൊക്കെയുണ്ടെന്ന മറുപടി കേട്ടപ്പോൾ '' ഹരിശ്രീ അശോകനോ എവിടെ?""എന്നായി ചോദ്യം. താടിയും മീശയുമില്ലാത്ത എന്നെ കണ്ടപ്പോൾ '' അയ്യോ... താടിയും മീശയുമുള്ള അശോകനെയാ ഞങ്ങൾക്കിഷ്ടം"" എന്നാണ് അവർ പറഞ്ഞത്.