ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഇന്ന് പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20,27,075 ആണ്. 62,538 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുളള ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 13,78,106 പേർക്കാണ് രോഗം ഭേദമായത്. 41,585 പേരാണ് ഇതുവരെ മരിച്ചത്. 67 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 2.05 ആണ് മരണനിരക്ക്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 4,79,779 പേരാണ് സംസ്ഥാനത്തെ രോഗബാധിതർ. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ. തമിഴ്നാട്ടിൽ 2,79,144 രോഗികളും ആന്ധാപ്രദേശിൽ 1,96,789 രോഗികളുമാണുളളത്.
കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 30,449 ആയി. പ്രതിദിന രോഗികളുടെയും സമ്പർക്ക ബാധിതരുടെയും എണ്ണം ഇന്നലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 1298 പുതിയ രോഗികളിൽ 1017 പേരും സമ്പർക്ക രോഗികളാണ്. അതിൽ 76 പേരുടെ ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. 800 പേർ രോഗമുക്തി നേടി.
|