നാടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ആശ ശരത് മനസു തുറക്കുന്നു
തിരക്കോട് തിരക്കാണ് എനിക്ക്. ഒന്നിനും സമയം തികയുന്നില്ലെന്ന് വേണമെങ്കിൽ പറയാം. നൃത്തം, സിനിമ, ബിസിനസ്.... ഇതിനെക്കാളുപരി കുടുംബം, കുട്ടികൾ...എല്ലായിടത്തും എന്റെ കൈകൾ ചെന്നല്ലേ പറ്റൂ. ഇരുപത്തിമൂന്ന് വർഷത്തിലധികമായി ഞാനും കുടുംബവും ദുബായിലാണ് താമസം. എന്നാലും എന്റെ മനസ് എപ്പോഴും പെരുമ്പാവൂരിലാണ് . അതാണ് എന്റെ നാട്. അല്ലെങ്കിലും ദുബായിലെ ആഡംബരങ്ങളൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല. നാട്ടിൻപുറത്തെ നന്മകളിൽ ചവിട്ടിയാണ് ജീവിതത്തിന്റെ നടപ്പ്. എത്രകാലം ചെന്നാലും എന്തൊക്കെ നേടിയാലും അതങ്ങനെ തന്നെയാവും. പെരുമ്പാവൂരിലെത്തുമ്പോഴാണ് ജനങ്ങളുടെ സ്നേഹം ഞാൻ തിരിച്ചറിയുന്നത്. അവരുടെ സ്നേഹപ്രകടനങ്ങൾ ഒരിക്കലും മോശമായി തോന്നിയിട്ടില്ല. ഒന്നു സംസാരിക്കുകയോ കെട്ടിപ്പിടിക്കുകയോ തൊടുകയോ ചെയ്യുമ്പോൾ അവർക്ക് വലിയ സന്തോഷമാണ്.
ദുബായിൽ നിന്ന് ഷൂട്ടിംഗിന് വരുമ്പോഴൊക്കെ ഇടയ്ക്കിടെ പെരുമ്പാവൂരിൽ പോകും.അച്ഛനെയും അമ്മയെയും കാണാൻ. ചിലപ്പോൾ മക്കളും കൂടെ കാണും. ബിസിനസ് തിരക്ക് കാരണം ശരത്തേട്ടൻ അപൂർവമായേ കേരളത്തിലേക്ക് വരാറുള്ളൂ. തറവാട്ട് മുറ്റത്ത് വന്നുനിൽക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്ന് വേറെയാണ്. മറ്റെന്തിനെക്കാളും കുടുംബത്തിനും നാടിനുമൊക്കെ പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാൻ. കലാരംഗത്ത് നിന്നു കിട്ടുന്ന ആത്മ സംതൃപ്തിയെക്കാൾ എത്രയോ മടങ്ങ് വലുതാണ് വീട്ടിൽ എന്റെ മക്കളോടൊപ്പം അവരുടെ അമ്മയായി നിൽക്കുമ്പോഴുള്ള സുഖം. കുടുംബമാണ് ഏതൊരാളുടെയും ശക്തി. കുടുംബത്തിന്റെ ഓർമകൾ കൂടെയുള്ളപ്പോൾ വല്ലാത്തൊരു സന്തോഷമാണ് മനസിന്. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുടെ അമ്മയുടെ എല്ലാ ആശങ്കയും എനിക്കുമുണ്ട്. എന്തെല്ലാം പറഞ്ഞാലും ഞാനും ഒരമ്മയല്ലേ? വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യാനേ ഞാൻ ശ്രമിക്കാറുള്ളൂ. കിട്ടുന്ന അവസരങ്ങൾ നല്ല രീതിയിൽ വിനിയോഗിക്കുക. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ നോക്കുക. അതാണ് എന്റെ പോളിസി. മറ്റുള്ളവരോട് സ്നേഹവും ആദരവും കാണിക്കുന്ന പ്രകൃതമാണ് എന്റേത്. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നുണ്ട്. കൊടുത്താലേ നമുക്ക് തിരിച്ചുകിട്ടൂ. എന്റെ പെരുമാറ്റം മറ്റൊരാൾക്ക് ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാക്കിയാൽ അതെനിക്ക് വിഷമമാണ്.
സിനിമയിൽ വലിയ ബന്ധങ്ങളോ സൗഹൃദങ്ങളോ എനിക്കില്ല. വളരെ സ്വതന്ത്രമായ നിലപാടുകളാണ് എന്റേത്. എന്നുകരുതി കടുംപിടിത്തക്കാരിയൊന്നുമല്ല . അഭിപ്രായം തുറന്നുപറയും. സംശയങ്ങൾ ചോദിച്ച് മനസിലാക്കും. ആരുടെയെങ്കിലും പക്ഷം പിടിക്കാനോ ഗ്രൂപ്പിൽ പെടാനോ താത്പര്യമില്ല. സോഷ്യൽ മീഡിയ കുറച്ചൊക്കെ ഉപയോഗിക്കാറുണ്ട്. ഫേസ്ബുക്കിലും വാട്സ്അപ്പിലും എപ്പോഴും നോക്കിയിരുന്ന് സമയം കളയാറില്ല. അതിൽ വരുന്ന കമന്റുകൾക്ക് മറുപടി പറയാനും ഒരുക്കമല്ല.
നല്ല വശങ്ങൾ മാത്രമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ. സോഷ്യൽ മീഡിയ കൊണ്ട് ഒരുപാട് മോശം വശങ്ങളുമുണ്ട്. എല്ലാക്കാര്യത്തിലും അങ്ങനെ തന്നെയാണ്. നമ്മുടെ സമീപനമാണ് പ്രധാനം. സമീപനത്തിലെ പാളിച്ചകളാണ് നല്ല കാര്യങ്ങളെ പോലും പലപ്പോഴും മോശമാക്കി മാറ്റുന്നത്. എനിക്കെതിരെയും ചില കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഏതൊരു കാര്യമായാലും എനിക്ക് വ്യക്തമായ നിലപാടുണ്ട്. അത് തുറന്നുപറയാനുള്ള ഇച്ഛാശക്തിയും ഉണ്ട്. ഒരുപക്ഷേ ഇതെല്ലാം ഞാൻ വീട്ടിൽ നിന്ന് പഠിച്ചതാവാം. ഒരു കലാകുടുംബമാണ് എന്റേത്. പെരുമ്പാവൂരിലെ ഒരു സാധാരണ കുടുംബം.തിരിച്ചറിവ് ഉണ്ടാകുന്ന പ്രായത്തിന് മുൻപേ എന്റെ ജീവിതത്തിലേക്ക് നൃത്തം വന്നുചേർന്നു.
അമ്മ വേദിയിൽ നൃത്തം ചെയ്യുമ്പോഴും അതിന്റെ എല്ലാ ഉത്തരവാദിത്വവും അച്ഛനായിരുന്നു. അമ്മയ്ക്ക് എല്ലാക്കാര്യത്തിലും അച്ഛൻ അരികിലുണ്ടാകണം.
രണ്ട് ആൺകുട്ടികളുടെ സഹോദരിയായിട്ടാണ് ഞാൻ വളർന്നതെങ്കിലും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി സ്വയം ഉണ്ടാക്കിയെടുക്കണമെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അമ്മയായിരുന്നു നൃത്തത്തിലെ ഗുരുവെങ്കിൽ അച്ഛനായിരുന്നു എന്റെ വഴികാട്ടി. അന്നുമിന്നും അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത് ജീവിതത്തിലെ സത്യസന്ധതയാണ്. കലാകാരന്മാർക്കും കലാകാരികൾക്കും ആദ്യം വേണ്ടത് സത്യസന്ധതയാണ്. ഒപ്പം സഹാനുഭൂതിയും. ഞാൻ ചെറിയപ്രായത്തിലെ വിവാഹം കഴിച്ച് ദുബായിലേക്ക് പോയി. ശരിക്കും പറഞ്ഞാൽ എട്ടുംപൊട്ടും തിരിയാത്ത പ്രായം. ശരത്തേട്ടന് ദുബായിലാണ് ജോലി.
എന്നാൽ ഭയമൊന്നും തോന്നിയില്ല. അത്രയ്ക്കും കരുതലായിരുന്നു ശരത്തേട്ടന്. നല്ല ലോകപരിചയമുള്ളയാളാണ് . എനിക്ക് എല്ലാം ഒരു കൊച്ചുകുട്ടിയോടെന്നപോലെ പറഞ്ഞുതന്നു. ശരത്തേട്ടനെ വിവാഹം കഴിച്ചതിനുപിന്നിലും ഒരു കഥയുണ്ട്. എന്റെ ഏട്ടൻ വേണുവേട്ടന്റെ സുഹൃത്തായിരുന്നു ശരത്തേട്ടൻ. വേണുവേട്ടനാണ് ശരത്തേട്ടനെ പരിചയപ്പെടുത്തിയതും വിവാഹം നടത്തിയതും. ഏട്ടന്റെ കൂട്ടുകാരനായതിനാൽ പണ്ടൊക്കെ അനുജത്തിയോടെന്നപോലെയായിരുന്നു ശരത്തേട്ടന്റെ പെരുമാറ്റം. ഞങ്ങളെ ഒരുമിപ്പിച്ച വേണുവേട്ടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റെ ഇളയ സഹോദരൻ ബാലുച്ചേട്ടനും.