pathanamthitta-heavy-rain

പത്തനംതിട്ട: കനത്ത മഴയ്ക്ക് പിന്നാലെ ശബരിമല ഉൾവനത്തിൽ ഉരുൾപൊട്ടി. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തമാവുകയാണ്. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയർന്നു. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതോടെ മൂഴിയാർ ഡാമിന്റെ 2 ഷട്ടറുകൾ 10സെന്റി മീറ്റർ തുറന്നു.കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോന്നി പഞ്ചായത്തിലെ പൊന്തനാകുഴി കോളനിയിലെ 32 കുടുംബങ്ങളെ കോന്നി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിലേക്ക് റവന്യൂ അധികൃതർ മാറ്റി. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ജില്ലയിലെ മലയോര മേഖലയിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളും ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം പത്തനംതിട്ടയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.