tiktok-chat

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ സ്വകാര്യത പ്രശ്‌നങ്ങൾ പരിഗണിച്ച് നിരോധിക്കപ്പെട്ട ടിക്ടോകിനെ അമേരിക്കയിൽ നിന്ന് തുരത്താൻ ഉറച്ച ചുവടുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക്‌ടോകിന്റെ മാതൃസ്ഥാപനമായ ബൈ‌റ്റ്ഡാൻസുമായി അമേരിക്കയിലെ സ്ഥാപനങ്ങൾക്ക് ബന്ധം പാടില്ലെന്ന് കാണിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് വ്യാഴാ‌ഴ്‌ച പുറത്തിറക്കി. മ‌റ്റൊരു ചൈനീസ് ആപ്പായ വി ചാ‌റ്റിന്റെ മാതൃസ്ഥാപനമായ ടെൻസെന്റിനും ഈ ഉത്തരവ് പ്രതികൂലമാണ്. വിശ്വാസയോഗ്യമല്ലാത്ത ചൈനീസ് ആപ്പുകൾ നിർമാർജ്ജനം ചെയ്യാനുള‌ള നടപടികളിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുകയാണെന്ന വാർത്തകൾക്ക് ബലമേകുന്നതാണ് ട്രംപിന്റെ ഈ ഉത്തരവ്. ടിക്‌ടോകിനെയും വി ചാ‌റ്റിനെയും സുരക്ഷാ ഭീഷണി ഉയർത്തുന്ന ആപ്പുകളായാണ് അമേരിക്ക കാണുന്നത്. ഉത്തരവിനെ തുടർന്ന് 45 ദിവസത്തിനകം ഇവ അമേരിക്കയിൽ നിരോധിക്കപ്പെടും.

ദേശീയ സുരക്ഷക്കായാണ് ടിക്‌ടോകിനെതിരെ ഗൗരവമായ നടപടിയെടുത്തതെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. വി ചാ‌റ്റ്, ഉപയോക്താക്കളുടെ വിവരങ്ങൾ വലിയ തോതിൽ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ അമേരിക്കൻ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ചൈനീസ് ഭരണകൂടത്തിന് ലഭിക്കാനിടയുണ്ട്. ട്രംപ് പറഞ്ഞു. സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാൽ ടിക്‌ടോക് ഉൾപ്പടെ 59 ആപ്പുകളെ കേന്ദ്ര ഗവന്മെന്റ് രാജ്യത്ത് നിരോധിച്ചിരുന്നു. ലഡാക്കിലെ പ്രകോപനപരമായ ചൈനയുടെ നിലപാടിനെ തുടർന്നാണ് ഇന്ത്യ വിവിധ ചൈനീസി ആപ്പുകൾ നിരോധിച്ചത്. അമേരിക്കൻ ബഹുരാഷ്‌ട്ര കമ്പനിയായ മൈക്രോസോഫ്‌റ്റ്, ടിക്‌ടോകിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എന്നാൽ തനിക്ക് അനുകൂല നിലപാടാണ് ഉള‌ളതെന്ന് ട്രംപ് പറയുന്നു. എന്നിരുന്നാലും സെ‌പ്‌റ്റംബർ 15ന് ഇവ നിരോധിക്കാൻ തന്നെയാണ് തീരുമാനം.