ന്യൂഡൽഹി: രാജ്യത്ത് 34 വർഷത്തിനുശേഷം വരുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇതുവരെ 'എന്താണ് ചിന്തിക്കേണ്ടത്' എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പുതിയ നയം 'എങ്ങനെ ചിന്തിക്കണം' എന്നതിന് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ അവസ്ഥയിൽ വിവരത്തിനും ഉള്ളടക്കത്തിനും ഒരു ക്ഷാമവുമില്ല. കുട്ടികളെ പഠിക്കാൻ സഹായിക്കുന്നതിനുള്ള അന്വേഷണ അധിഷ്ഠിത, കണ്ടെത്തലുകളെയും വിശകലനങ്ങളെയും അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയ്ക്ക് ഊന്നൽ നൽകാനാണ് സർക്കാർ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ വിദ്യാഭ്യാസനയത്തിലെ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രാലയവും യു.ജി.സിയും വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നത് പുതിയ ആഗോള വ്യവസ്ഥിതിക്ക് കാരണമായി. ഒരു പുതിയ ആഗോള നിലവാരം ഉയരുകയാണ്. ഇതനുസരിച്ച് ഇന്ത്യയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായിരുന്നു. സ്കൂൾ പാഠ്യപദ്ധതിയുടെ 10 + 2 ഘടനയ്‌ക്ക് പകരം 5 + 3 + 3 + 4 പാഠ്യപദ്ധതി സൃഷ്ടിക്കുന്നത് ഈ ദിശയിലെ ഒരു ഘട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ അടിത്തറയിടാനാണ് ദേശീയ വിദ്യാഭ്യാസ നയം ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതിനാൽ ജിജ്ഞാസയുടെയും ഭാവനയുടെയും മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയില്ല. സർക്കാർ അതിനെല്ലാം മാറ്റം വരുത്തിയിരിക്കുകയാണ്. താത്പര്യം, കഴിവ്, ആവശ്യം എന്നിവയുടെ മാപ്പിംഗ് ആവശ്യമാണ്. നമ്മുടെ യുവാക്കളിൽ വിമർശനാത്മക ചിന്തയും നൂതന ചിന്താശേഷിയും വളർത്തിയെടുക്കേണ്ടതുണ്ട്.
ഓരോ രാജ്യവും വിദ്യാഭ്യാസത്തെ ദേശീയ താത്‌പര്യത്തിന് തുല്യമാക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ഭാവിയിൽ രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസത്തിന്റെ നയത്തിന്റെ ലക്ഷ്യം. നാല് വർഷത്തിലേറെയായി നടത്തിയ ചർച്ചകൾക്കും ലക്ഷക്കണക്കിന് നിർദ്ദേശങ്ങൾ ചർച്ച ചെയ്ത ശേഷവുമാണ് ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.