gaganyan

ബംഗളൂരു: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി (ഗഗൻയാൻ) തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശയാത്രികരുടെ പരിശീലനം പൂർത്തിയായി. അടിയന്തര സാഹചര്യത്തിലുള്ള മൊഡ്യൂൽ ലാൻഡിംഗ് ഉണ്ടായാൽ സ്വീകരിക്കേണ്ട ക്രൂ നടപടികളെക്കുറിച്ചുള്ള പരിശീലനം റഷ്യയിൽ പൂർത്തിയാക്കിയതായി റഷ്യൻ ബഹിരാകാശ സംഘടനയായ റോസ്‌കോസ്മോസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലാവ്‌കോസ്മോസ് അറിയിച്ചു.

ബഹിരാകാശയാത്രികരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, പരിശീലനം തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ' ഇന്ത്യൻ ബഹിരാകാശയാത്രികർ അസാധാരണമായ മൊഡ്യൂൾ ലാൻഡിംഗ് ഉണ്ടായാൽ സ്വീകരിക്കേണ്ട ക്രൂ നടപടികളെക്കുറിച്ചുള്ള പരിശീലനം പൂർത്തിയാക്കി.'ഗ്ലാവ്‌കോസ്‌മോസ് പറഞ്ഞു.


2020 ജൂണിൽ അവർ IL-76MDK പ്രത്യേക ലബോറട്ടറി വിമാനത്തിൽ ഹ്രസ്വകാലം ഭാരമില്ലാത്ത അവസ്ഥയിലെ നിൽക്കാനുള്ള പരിശീലനം നേടിയിരുന്നു. ബഹിരാകാശ യാത്രയ്ക്കായുള്ള തയ്യാറെടുപ്പിന്റെയും, പരിശീലനത്തിന്റെയും എല്ലാ പ്രക്രിയയും റഷ്യയിലാണ് നടക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യൻ ബഹിരാകാശയാത്രികർക്ക് ആവശ്യമായ നിരവധി കോഴ്സുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്ലാവ്‌കോസ്‌മോസ് വ്യക്തമാക്കി. സാധാരണ കോഴ്സുകളിൽ മെഡിക്കൽ, ശാരീരിക പരിശീലനം, റഷ്യൻ ഭാഷ പഠിക്കുക (ബഹിരാകാശത്തെ ആശയവിനിമയത്തിന്റെ പ്രധാന അന്താരാഷ്ട്ര ഭാഷകളിലൊന്ന്), സോയൂസ് ക്രൂഡ് ബഹിരാകാശ പേടകത്തിന്റെ ക്രമീകരണം, ഘടന, സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. .

നാല് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർ നിലവിൽ മോസ്‌കോയിൽ പരിശീലനത്തിലാണ്. 12 മാസത്തെ പരിശീലനമാണ് മോസ്കോയിലെ കേന്ദ്രത്തിൽ നൽകുന്നത്. 2022 ലാണ് ഗഗൻയാൻ ദൗത്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതു വൈകിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയിലെ പൊതുമേഖലാ സ്ഥാപനമായ ഗ്ലവ്‌കോസ്മോസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് പരിശീലനം നൽകുന്നത്.