ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശലക്ഷ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബൽഗാം സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് 1924ൽ മഹാത്മാഗാന്ധി നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ വ്യക്തമാക്കി.
“ I should not have the slightest hesitation to close down a school or college
that is in different to the admission of non hindu boys or that shut
its doors against the entry of untouchable”
വിദ്യാഭ്യാസരംഗത്ത് വരേണ്യവർഗത്തിന്റെയും വർഗീയതയുടെയും നിഴൽ പോലും വീഴുന്നത് ഗാന്ധിജി പൊറുക്കുമായിരുന്നില്ലെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. പാശ്ചാത്യ – സംസ്‌കാരത്തിന്റെയും ഭാഷകളുടെയും പെരുവെള്ളപാച്ചിലിൽ പോലും ഭാരതീയഭാഷകളും സംസ്‌കാരവും അഭംഗുരമായി നിലനിന്നു. സ്വാതന്ത്ര്യാനന്തരം ഭാരതത്തിന് സമഗ്രവും, ശാസ്ത്രീയവുമായ ഒരു ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകാൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. ആറ് പതിറ്റാണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസ് ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടു. താണജാതിയിൽ പെടുന്നവർ വേദം കേൾക്കാൻ പാടില്ലെന്നും വേദം കേൾക്കുന്ന താണ ജാതിക്കാരന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നും ഉള്ള നയം നമ്മുടെ വിദ്യാഭ്യാസരംഗത്ത് വീണ്ടും പ്രകടമാകാൻ പാടില്ല.
വിദ്യാഭ്യാസരംഗത്ത് സംവത്സരങ്ങളായി നിലനിൽക്കുന്ന വാണിജ്യവത്‌കരണം സ്വതന്ത്ര പരിഷ്‌കൃത ജനാധിപത്യ രാജ്യത്തിന് ലജ്ജാകരമാണ്. ഇവിടെ വിജ്ഞാനം കച്ചവടച്ചരക്കായി മാറുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളായി രൂപാന്തരപ്പെടുന്നു. അത്യന്തം സ്‌ഫോടനാത്മകമായ ഈ സാഹചര്യത്തിലാണ് മോഡി സർക്കാർ തന്റെ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നയത്തിന്റെ കരട് രേഖ പരിശോധിക്കേണ്ടതാണ്. ബി.ജെ.പി. സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഒന്നാം ഖണ്ഡിക തന്നെ ഭരണഘടനയുടെ കോപ്പിയടി മാത്രമാണ്. ദരിദ്രനാരായണന്മാരായ കുടുംബങ്ങളിൽ നിന്ന് വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾ പഠനം തുടരാൻ കഴിയാതെ ഗണ്യമായ തോതിൽ പൊഴിഞ്ഞു പോകുന്നു. വിദ്യാഭ്യാസ ഭാഷയിൽ ഇതിനെ ഡ്രോപ് ഔട്ട് എന്ന് എഴുതിത്തള്ളുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരത്തെക്കുറിച്ച് പുതിയ വിദ്യാഭ്യാസ നയത്തിൽ വ്യക്‌തതയില്ല. പകരം 10 മുതൽ 20 വരെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘങ്ങൾ രൂപീകരിക്കുക. ഈ സംവിധാനത്തിന്റെ ഫലമായി എല്ലാ വിഭവങ്ങളും തുല്യമായി ലഭ്യമാക്കാൻ കഴിയും. ഇപ്രകാരമുള്ള സ്‌കൂൾ സമുച്ചയങ്ങൾക്ക് സ്‌കൂൾ ക്ലസ്റ്ററുകൾ എന്നു പേരിടുന്നു. കൂടാതെ സ്‌കൂൾ റെഗുലേറ്ററി അതോറിറ്റിയും രൂപീകരിക്കപ്പെടും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇതേ സംഘടനാ രൂപമാണ് പുതിയ നിർദ്ദേശമായി മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്ത് നിലവിലുള്ള 40,000 കോളേജുകളും, 800 സർവകലാശാലകളും പുന:ക്രമീകരിച്ച് 15,000 ശ്രേഷ്ഠ സ്ഥാപനങ്ങളാക്കുക. എന്താണീ ശ്രേഷ്ഠസ്ഥാപനങ്ങളെന്ന് വ്യക്തമല്ല. സ്വതന്ത്രമായ ഒരു സമിതിയുടെ ഭരണത്തിൻ കീഴിലായിരിക്കും ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും. സ്വതന്ത്രമായ സമിതിയുടെ ഘടനയോ പ്രസ്തുത സമിതിയുടെ രൂപീകരണ സംവിധാനമോ രേഖയിൽ വ്യക്തമല്ല.
അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ പേരിൽ നാലുവർഷം നീണ്ടു നിൽക്കുന്ന
'ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ' എന്ന ബിരുദം സമ്പാദിക്കണം. ഈ നിർദ്ദേശത്തിൽ പുതുമയൊന്നും കാണുന്നില്ല. സാമ്പത്തിക സമാഹരണത്തെക്കുറിച്ചും നയം പുതിയ നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നു. സംസ്ഥാന സർക്കാർ ചെലവിടുന്ന ഓരോ രൂപയ്ക്കും 2:1 എന്ന ക്രമത്തിൽ കേന്ദ്രസഹായം നൽകും. നിലവിൽ കേന്ദ്ര ബഡ്‌ജറ്റിൽ ജി.ഡി.പി.യുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കി വയ്‌ക്കപ്പെടുന്നു എന്നാണ് സങ്കല്പമെങ്കിലും ജി.ഡി.പി.യുടെ രണ്ട് ശതമാനം പോലും ചെലവിടുന്നതായി കാണുന്നില്ല. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലും, ഉന്നതവിദ്യാഭ്യാസ മേഖലയിലും അധികാര കേന്ദ്രീകരണത്തിന്റെ സമീപനമാണ് ഈ നയത്തിൽ കാണുന്നത്.
രാഷ്ട്രത്തെ സാരമായി ബാധിക്കുന്ന ഇതുപോലെയുള്ള ഒരു സുപ്രധാന രേഖയ്ക്ക് രൂപം നൽകുമ്പോൾ ഒരു പരിഷ്‌കൃത ജനാധിപത്യ ഭരണകൂടം സ്വീകരിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചെന്നു തോന്നുന്നില്ല. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതിനിധികളുമായി ആശയ വിനിമയം നടത്തിയതായി കാണുന്നില്ല. ഈ നയത്തിന്റെ ഇരകളാകുന്നത് വിദ്യാർത്ഥികളാണ് എന്ന വസ്തുത വിസ്‌മരിക്കപ്പെടുന്നു.
ഭരണഘടന ബാദ്ധ്യത നിറവേറ്റുന്നതിൽ മാത്രമല്ല, 1966ൽ കൊത്താരി കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പോലും നടപ്പിലാക്കാൻ മാറിമാറി വന്ന ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ലെന്നത് നിർഭാഗ്യകരമാണ്. ഇന്ത്യൻ വിദ്യാഭ്യാസരംഗം നേരിടുന്ന അതീവഗുരുതരമായ സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കണ്ടെത്താൻ ശ്രമിക്കാത്ത ഈ പുത്തൻ വിദ്യാഭ്യാസനയം ഒരു പ്രത്യേക രാഷ്ട്രീയതന്ത്രം മാത്രമാണ്.