munnar

മൂന്നാർ: രാജമലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് വ്യോമസേനയുടെ 50 അംഗ മെഡിക്കൽ സംഘം എത്തും. കാലാവസ്ഥ അനുകൂലമായാൽ ഇവിടെ എയർലിഫ്‌റ്രിംഗ് നടത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.വ്യോമസേനയോട് ഹെലികോപ്‌റ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ആരക്കോണത്ത് നിന്നും എൻഡിആർഎഫ് സംഘവും രാത്രിയോടെ ഇവിടെയത്തും. നിലവിൽ ദുരന്ത നിവാരണ സേനയും മ‌റ്റ് വിഭാഗങ്ങളും ചേർന്ന് രക്ഷാ പ്രവർത്തനം ഇവിടെ നടക്കുകയാണ്.

രാജമലയിലെ പെട്ടിമുടി ഭാഗത്ത് കണ്ണൻദേവൻ പ്ളാന്റേഷനിലെ രണ്ട് ലയങ്ങളുടെ മുകളിലേക്കാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആദ്യം വിവരം ലഭിച്ചത്. സ്ഥലത്ത് സംഭവിച്ചത് വലിയ ദുരന്തമാണെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. നാല് ലയങ്ങൾ പൂർണമായും തകർന്നു.ഇവിടെ 83 പേരുണ്ടായിരുന്നു. അഞ്ച് പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേ‌റ്റവരെ കോട്ടയം മെഡിക്ൽ കോളേജിലേക്ക് മാ‌റ്റി. രാജമലയിലേക്ക് മൊബൈൽ മെഡിക്കൽ സംഘത്തെയും ആംബുലൻസുകളും അയച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആലപ്പുഴയിൽ നിന്നും തൃശൂരിൽ നിന്നും ദേശീയ ദുരന്തനിവാരണ സംഘം പുറപ്പെട്ടിട്ടുണ്ട്.