1. മൂന്നാറില്‍ ഉണ്ടായത് വലിയ ദുരന്തമെന്ന് റവന്യൂമന്ത്രി. വ്യോമസേനയുടെ 50 അംഗ മെഡിക്കല്‍ സംഘം രാജമലയിലേക്ക്. ആരക്കോണത്ത് നിന്ന് എന്‍.ഡി.ആര്‍.എഫ് സംഘവും രാത്രിയെത്തും. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റ്. ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍ പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന് പുറമേയാണ് ഈ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നത്. സംഭവ സ്ഥലത്തേക്ക് 15 ആംബുലന്‍സുകളും അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുന്നത് ആണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2. രാജമലയിലെ രക്ഷാപ്രവര്‍ത്തതിന് ദേശീയദുരന്ത പ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടുവെന്നും, ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. അതേസമയം, മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. മഴ ശക്തം ആയതിനെ തുടര്‍ന്ന് മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും. ആങ്ങമൂഴി ഭാഗത്തുനിന്നും ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ട്.
3. അള്ളുങ്കലും കാരിക്കയത്തും സ്പില്‍വേ പരമാവധി തുറന്നു വച്ച് ഇരിക്കുകയാണ്. പത്തനംത്തിട്ട ജില്ലയില്‍ ആഗസ്റ്റ് 10 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഈ രീതിയില്‍ തുറന്ന് പ്രളയജലം കക്കാട്ടാറിലൂടെ ഒഴുക്കും. ഇതുമൂലം പമ്പാ നദിയിലെ ജലനിരപ്പില്‍ 3.50 മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ അധിക വര്‍ധനവ് പ്രതീക്ഷിക്കുന്നു. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും പ്രത്യേകിച്ച് മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
4. ശക്തമായ മഴയില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊന്‍മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും കല്ലാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഉയര്‍ത്തി. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 130 അടിയാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്ന് 2353 അടി പിന്നിട്ടു. ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ട എന്നാണ് അധികൃതര്‍ അറിയിച്ച് ഇരിക്കുന്നത്. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍ പൊട്ടി. കോഴിക്കാനം,അണ്ണന്‍തമ്പി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.
5. വന്‍ തോതില്‍ മണ്ണ് ഒഴുകി എത്തിയതോടെ കെ.കെ. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു . പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള അപകട സാധ്യതാ മേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കി ജില്ലയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാമും തുറന്നു. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും, മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.
6. കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കരകവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു.പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടികോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലമാണ് ഭാഗികമായി തകര്‍ന്നത്. ഇരുവഞ്ഞിപ്പുഴ, ചാലിയാര്‍ എന്നിവയില്‍ ഇന്നും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വയനാട് വാളാട് കോറോം മേഖലയില്‍ കബനീ നദി കര കവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. വീടുകളും പഴശ്ശി ഫാമും വെള്ളത്തില്‍ മുങ്ങി. വയനാട്ടില്‍ 1500ല്‍ അധികം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ 20 ഹെക്ടറില്‍ അധികം കൃഷിഭൂമി ഇതിനകം വെള്ളത്തിനടിയില്‍ ആയി. കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
7. രാജ്യത്തെ കൊവിഡ് 19 വ്യാപനം അതിതീവ്രം. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ 20 ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 55,000ത്തിന് മുകളിലായി. മഹാരാഷ്ട്രയില്‍ 11,000നും ആന്ധ്രപ്രദേശില്‍ 10,000നും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണ്ണാടകയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. പശ്ചിമ ബംഗാള്‍, തെലങ്കാന, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഇരുപത്തിരണ്ട് ദിവസം കൊണ്ടാണ് ആകെ രോഗികളുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തില്‍ എത്തുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 82 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്ന് ആണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.