munnar4

ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 15 ആയി.12പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളെ ഐസിയുവിൽ പ്രേവേശിപ്പിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ തുടരുകയാണ്. ഇവർ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് പെട്ടിമുടി തോട്ടംമേഖലയിൽ മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രണ്ട് ലയങ്ങൾ പൂർണമായി ഒലിച്ചുപോയെന്നാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉൾപ്രദേശമായതിനാൽ ഏറെ വൈകിയാണ് രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങാനായത്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കൽ ടീമും പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എം എം മണി അറിയിച്ചു.

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ദുരന്തം നടന്ന സ്ഥലം. ഇവിടെ എത്തിച്ചേരാനുളള പെരിയവര പാലം കഴിഞ്ഞ വെളളപ്പൊക്കത്തിൽ തകർന്നിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇവിടെ സ്ഥാപിച്ച താൽക്കാലികപാലവും വെളളപ്പാച്ചിലിൽ ഒലിച്ചുപാേയി. ഇതായിരുന്നു രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുളള പ്രധാന പ്രതിബന്ധം. പെരിയവര പാലത്തിന് നടുവിൽ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഇതുവഴിയായിരുന്നു.