kashmir

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ 4ജി ഇന്റർനെറ്ര് സേവനം പുന:സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരും ജമ്മു കാശ്‌മീർ ഭരണകൂടവും ശ്രമിക്കണമെന്നും കോടതി പറഞ്ഞു. 370ആം അനുഛേദം റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കാ‌ശ്‌മീരിലെ നിയന്ത്രണങ്ങൾ ഒരു വർഷമായി തുടരുകയാണ്. 2ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചെങ്കിലും 4ജി പു:നസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

ജമ്മു കാശ്‌മീർ ലഫ്‌റ്റനന്റ് ഗവർണറായി ബി.ജെ.പി നേതാവ് മനോജ് സിൻഹയെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. രാജിവച്ച ജി.സി. മുർമുവിനെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സി.എ.ജി) നിയമിച്ചേക്കും. ഒന്നാം മോദി സർക്കാരിൽ വാർത്താവിനിമയ, റെയിൽവേ സഹമന്ത്രിയായിരുന്നു സിൻഹ. ജമ്മു കാശ്‌മീർ കേന്ദ്രഭരണ പ്രദേശമായ ശേഷം ലഫ്റ്റനന്റ് ഗവർണറാകുന്ന ആദ്യ രാഷ്ട്രീയക്കാരനാണ് സിൻഹ.

ആദ്യ ലഫ്റ്റനന്റ് ഗവർണറായ മുർമു നിയമിക്കപ്പെട്ട് 9 മാസം തികയുമ്പോഴാണു രാജി സമർപ്പിച്ചത്. നേരത്തേ, ജമ്മു കാ‌ശ്‌മീരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാമർശങ്ങളുടെ പേരിൽ മുർമുവിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശാസിച്ചിരുന്നു. ഈ മാസം വിരമിക്കുന്ന രാജീവ് മെഹ്റിഷിക്കു പകരം മുർമുവിനെ സി.എ.ജിയായി നിയമിക്കുമെന്നാണ് അറിയുന്നത്. 1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മുർമു, ഗുജറാത്തിൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.