തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴയുണ്ടാകും. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് കൂടുതൽ പെയ്യാൻ സാദ്ധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ കെ. സന്തോഷ് അറിയിച്ചു.
ഇടുക്കി, വയനാട് ജില്ലകളിൽ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. മറ്റുള്ള ജില്ലകളിൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമായിരിക്കും മഴ കുറവ് ലഭിക്കുക.
കാറ്റ് അതിശക്തമായി തുടരുകയാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. പത്താം തീയതിക്ക് ശേഷം മഴ കുറയാൻ സാദ്ധ്യതയുണ്ട്. ഒമ്പതാം തീയതി മറ്റൊരു ന്യൂനമർദ്ദം കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്നതോടെ മഴയുടെ ശക്തി പത്താം തീയതി വരെ തുടരാനുള്ള സാഹചര്യമുണ്ട്.
അതേസമയം സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലർട്ടുകളിൽ മാറ്റമുണ്ട്. പുതിയ നിർദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്.