കൊച്ചി: ഡാമുകൾ തുറന്നതോടെ പുഴകളിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും വെളളം കയറിത്തുടങ്ങിയതായും എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുൻകൂട്ടി അപകട സാധ്യതയുളള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ എം.എൽ.എ. ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്രിലൂടെയാണ് വി.ഡി. സതീശൻ ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്.
വി.ഡി.സതീശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇവിടെ വായിക്കാം.
കല്ലാർകുട്ടി, ലോവർപെരിയാർ, പൊന്മുടി ഡാമുകൾ ( ചെറിയ ഡാമുകളാണ്) തുറന്നു. പെരിങ്ങൽക്കുത്ത് ഡാമും തുറന്നു. പെരിയാറിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. ചാലക്കുടിപ്പുഴയിലും വെള്ളം ഉയരാൻ സാധ്യത.
എന്നാൽ ഇത് സംബന്ധിച്ച് ശാസ്ത്രീയമായ ഒരു മുന്നറിയിപ്പ് സംവിധാനവും (advance flood forecast and warning system ) പ്രവർത്തിക്കുന്നില്ല. അപകട മേഖലകളിൽ നിന്നും ആളുകളെ മുൻകൂട്ടി ഒഴിപ്പിക്കാൻ ഇതു മൂലം കഴിയുന്നില്ല. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്റഗ്രേറ്റഡ് റിസർവ്വോയർ മാനേജ്മെന്റ് സിസ്റ്റവും റിയൽ മോണിറ്ററിംഗ് സംവിധാനവും വേണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വകുപ്പുകൾ തമ്മിൽ ഒരു ഏകോപനവുമില്ല.
എത്ര മീറ്റർ വെള്ളം പൊങ്ങുമെന്നും ഏതെല്ലാം പ്രദേശങ്ങളിൽ വെള്ളം കയറുമെന്നും മുൻകൂട്ടി അറിയാൻ ഒരു സംവിധാനവുമില്ല. കുഴപ്പമൊന്നും ഉണ്ടാകല്ലേ എന്ന പ്രാർത്ഥന മാത്രമാണ് ആകെയുള്ളത്.