സ്യൂൾ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പാർലമെന്റിലെത്തിയ വനിതാ എം.പിക്ക് നേരെ വിമർശനങ്ങൾ. മറുപടിയുമായി എം.പിയും രംഗത്ത്. സംഭവം അങ്ങ് ദക്ഷിണ കൊറിയയിലാണ്.
'ലൈംഗികതയും ബഹുഭാര്യാത്വവും, പ്രത്യേകിച്ച് രാഷ്ട്രീയമേഖലയിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കാനെത്തിയ വനിതാ എം.പി റ്യൂ ഹോ ജോങ്ങിന്റെ വസ്ത്രധാരണമാണ് വിവാദമായത്. ദക്ഷിണ കൊറിയൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ് 28കാരിയായ റ്യൂ. സ്യൂട്ടും കോട്ടും ധരിച്ചെത്തുന്നതിന് പകരം, സാധാരണ സ്ത്രീകൾ ധരിക്കുന്നതുപോലുള്ള ചുവന്ന ഉടുപ്പിട്ടാണ് റ്യൂ എത്തിയത്. വസ്ത്രത്തിന് ഇറക്കം അൽപ്പം കുറഞ്ഞത് പാർലമെന്റിലെ പുരുഷ എം.പിമാരെ വല്ലാതെ ചൊടിപ്പിച്ചു. പ്രകോപിപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചു എന്നാണ് അവരുടെ പരാതി. റ്യൂവിനെ പിന്തുണച്ച് മറ്റ് വനിതാ എം.പിമാർ രംഗത്തെത്തിയിട്ടുണ്ട്.
'പാർലമെന്റിനുള്ളിലെ അസമത്വത്തിനെതിരെ പ്രതികരിക്കാൻ കാട്ടിയ ധൈര്യത്തിന് അഭിനന്ദനം" എന്നാണ് ഒരാൾ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്.
'ഇത് 2020 ആണെന്ന് ഞാനെന്റെ രാജ്യത്തെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു"വെന്നാണ് വിവാദത്തിന് റ്യൂ നൽകിയ മറുപടി. പാർലമെന്റിലെ 300 അംഗങ്ങളിൽ 57 പേർ മാത്രമാണ് സ്ത്രീകൾ.
'എല്ലാ പാർലമെന്റ് സെഷനിലും മദ്ധ്യവയസ്കരായ പുരുഷൻമാർ സ്യൂട്ടും കോട്ടും ടൈ ഉം ധരിച്ചാണ് എത്തുന്നത്. ഈ പരമ്പരാഗത രീതിക്കൊരു മാറ്റം വരുത്താനാണ് ഞാൻ ആഗ്രഹിച്ചത്. രാജ്യത്തിന്റെ ദേശീയ അസംബ്ളിയെ സൃഷ്ടിച്ചത് സ്യൂട്ടും കോട്ടുമല്ല.' - റ്യൂ പറഞ്ഞു.
ഇതാദ്യമായല്ല പരമ്പരാഗത ശീലങ്ങൾക്കെതിരെയുള്ള റ്യൂവിന്റെ പോരാട്ടം.സ്ത്രീകൾ ആവശ്യമില്ലാതെ മേക്കപ്പിട്ട് പ്രത്യക്ഷപ്പെടുന്നതിനെതിരെയും സൗന്ദര്യവർദ്ധക പ്ളാസ്റ്റിക് സർജറിക്കെതിരെയും ഉന്തിയ വയർ അകത്താക്കി കെട്ടിവയ്ക്കുന്നതിനെതിരെയും ഒക്കെ റ്യൂ സമരത്തിനിറങ്ങിയിട്ടുണ്ട്. അന്നെല്ലാം ഒരുപാട് വിമർശനങ്ങളും കേട്ടിട്ടുണ്ട്. അതൊന്നും തന്നെ തളർത്തില്ലെന്നാണ് നിയമ ബിരുദധാരിയായ റ്യൂവിന്റെ നിലപാട്. ഒരു എം.പിയെ വസ്ത്രത്തിന്റെ ഇറക്കം വച്ചല്ല പാർലമെന്റിൽ അവരുടെ പ്രവർത്തന മികവ് വച്ചാണ് അളക്കേണ്ടതെന്നും അല്ലാത്ത വിവാദങ്ങൾക്കൊന്നും ചെവികൊടുക്കുന്നില്ലെന്നും പറഞ്ഞ് റ്യൂ പ്രതിനിധീകരിക്കുന്ന ജസ്റ്റിസ് പാർട്ടിയും അവർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.