lim

കോലാലംപൂർ: മലേഷ്യൻ മുൻ ധനമന്ത്രി ലിം ഗുവാൻ ഇങ്ങിന് അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു. 1.5 ബില്യൺ ഡോളറിന്റെ (11,241.48 കോടി രൂപ) അഴിമതിക്കേസിലാണ് ലിമ്മിന് നിലവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി നേതാവ് കൂടിയായ ലിം, ഒരു നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വലിയ തുക അഴിമതി നടത്തിയതെന്നാണ് ആരോപണം. എന്നാൽ, അത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ ലിമ്മിന് ജാമ്യം അനുവദിക്കുകയായിരുന്നു കോടതി. പെനാംഗിൽ കടലിനടിയിൽ ടണൽ സ്ഥാപിക്കുന്നതിനായി 2008ലാണ് ഈ വമ്പൻ പ്രൊജക്ട് കൊണ്ടുവന്നത്. അന്ന് ലിം മുഖ്യമന്ത്രിയായിരുന്നു. തുടർന്ന് പദ്ധതി വലിച്ച് നീട്ടുന്നതിനായി മറ്റൊരു ബിസിനസ് ശൃംഖലയിൽ നിന്ന് കൈക്കൂലി സ്വീകരിച്ചതാണ് ലിമ്മിനെതിരെയുള്ള കേസ്. ഇതാദ്യമായല്ല 59കാരനായ ലിം അഴിമതി കേസിൽപ്പെടുന്നത്. അന്നും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ടിരുന്നു. ലിമ്മിന്റെ ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടിയിലെ മിക്ക നേതാക്കളും ഇത്തരത്തിൽ അഴിമതിക്കേസുകളിൽ പെട്ട് കോടതി കയറിയിറങ്ങുകയാണ്.