വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാക്സിൻ എന്ന് പുറത്തിറങ്ങുമെന്ന റേഡിയോ പരിപാടിയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം."വർഷാവസാനത്തിന് മുമ്പ് തന്നെ വാക്സിൻ പുറത്തിറങ്ങും. ചിലപ്പോൾ അതിലും പെട്ടെന്ന്."നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിന് മുമ്പായി ഉണ്ടാകുമോ എന്നായിരുന്നു' അവതാരകന്റെ മറുചോദ്യം. "ചിലപ്പോൾ അതിന് സാദ്ധ്യതയുണ്ട്. മിക്കവാറും ആ സമയത്ത് തന്നെ" - ട്രംപ് പറഞ്ഞു.വാക്സിൻ ഗവേഷണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനായിട്ടാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കേ കൊവിഡ് പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് ട്രംപിന്റെ ശ്രമം. സ്കൂളുകൾ വേഗം തുറക്കാനും ജന ജീവിതം സാധാരണ നിലയിലാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. അതേസമയം, വാക്സിൻ വർഷാവസാനത്തോടെ മാത്രമേ തയ്യാറാകൂ എന്നാണ് പകർച്ചവ്യാധി വിഭാഗം തലവൻ ആന്റണി ഫൗസിയുടെ വാക്കുകൾ.