spitting-tripura-doctor

അഗർത്തല: വനിത ഡോക്‌‌ടറെ തുപ്പിയ കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് നാല് കൊവിഡ് രോഗികൾ പൊലീസിൽ കീഴടങ്ങി. ന്യൂ ക്യാപിറ്റൽ കോംപ്ലക്സ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മുമ്പാകെയാണ് പ്രതികൾ കീഴടങ്ങിയത്. കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് രോഗികൾ ഡോക്‌ടറിന് എതിരെ തിരിഞ്ഞത്.

വെസ്റ്റ് ത്രിപുര ജില്ല നിരീക്ഷണ ഓഫീസർ ഡോ.സംഗീത ചക്രവർത്തിയാണ് കൊവിഡ് രോഗികളാൽ ആക്രമിക്കപ്പെട്ടത്. സെന്ററിലെ മറ്റ് ഡോക്ടർമാർ രോഗികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ഡോ. സംഗീതയുടെ ദേഹത്ത് തുപ്പുകയും കൊവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രതികൾ കീഴടങ്ങുന്നില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകിയിരുന്നു. ന്യൂ ക്യാപിറ്റൽ കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിൽ ആരോഗ്യ സേവന ഡയറക്ടർ സമർപ്പിച്ച എഫ്‌.ഐ.ആർ അടിസ്ഥാനമാക്കിയാണ് നാലുപേർക്ക് എതിരെയും കേസ് ഫയൽ ചെയ്‌തത്. സംസ്ഥാനത്തിന്റെ പലഭാഗത്തും ഇത്തരത്തിൽ രോഗികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പ്രവൃത്തികൾ ആരോഗ്യപ്രവർത്തകർക്ക് തലവേദനയാകുന്നുണ്ട്.