വാഷിംഗ്ടൺ: ചൈനീസ് ആപ്പുകളായ ടിക്ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക. ദേശസുരക്ഷയെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണിത്. നിരോധനം നടപ്പാക്കുമ്പോൾ പാലിക്കേണ്ട അന്താരാഷ്ട്ര മര്യാദകളെല്ലാം പാലിച്ച്, തീരുമാനം പ്രാബല്യത്തിലാക്കുന്നതിന് വാണിജ്യ സെക്രട്ടറിക്ക് അധികാരം നൽകിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ്. നിരോധനം 45 ദിവസത്തികം പ്രാബല്യത്തിലാവും. രണ്ട് പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവച്ചത്. തീരുമാനത്തെ യു.എസ് പാർലമെന്റും സ്വാഗതം ചെയ്തു.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നതായി യു.എസ് കോൺഗ്രസ് അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ട്രംപ് ആരോപിച്ചു. ഇതുവഴി അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയും. ഹോങ്കോംഗ് പ്രക്ഷോഭം, ഉയിഗർ - മുസ്ലിം ന്യൂനപക്ഷങ്ങൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ലഭിക്കാൻ ഈ ആപ്പുകൾ കാരണമാകുന്നുണ്ട്. പാർട്ടിക്ക് ഗുണകരമാവും വിധം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഈ ആപ്പുകൾ പ്രവർത്തിക്കുന്നു. - ട്രംപ് പറഞ്ഞു.
അതേസമയം, ടിക്ടോക്കിനെ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റും ബൈറ്റ് ഡാൻസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യ നാദെല്ല ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആദ്യം ഇന്ത്യ
ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ചൈനീസ് ആപ്പുകളായ ടിക്ടോക്കും വീ ചാറ്റും ആദ്യമായി നിരോധിച്ചത്. ഇതിനോടകം 106 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്.