wuhan

ന്യൂഡൽഹി: കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ കൊവിഡ് രോഗ മുക്തരിൽ 90 ശതമാനം പേർക്കും ശ്വാസകോശ തകരാറുണ്ടെന്ന് കണ്ടെത്തി. ഇവരിൽ ചിലർക്ക് ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ ശ്വസിക്കാൻ സാധിക്കുമായിരുന്നുള‌ളു. വുഹാൻ സർവകലാശാലക്ക് കീഴിലുള‌ള സോംഗ്‌നാൻ ആശുപത്രി ഡയറക്‌ടർ പെങ് സിയോംഗും സംഘവും നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. ഏപ്രിൽ മാസം മുതൽ രോഗം ഭേദമായ നൂറ് പേരെയാണ് പഠന വിധേയമാക്കിയത്.

സാധാരണ ആരോഗ്യമുള‌ള ഒരാൾക്ക് 6 മിനുട്ട് കൊണ്ട് 500 മീ‌റ്റർ നടക്കാനാകുമ്പോൾ കൊവിഡ് ഭേദമായ ഒരാൾക്ക് 400 മീ‌റ്റർ മാത്രമേ കഴിയുന്നുള‌ളൂ. ജൂലായ് മാസം വരെയായിരുന്നു പഠനം.ഇതിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 59 ആയിരുന്നു. 65 വയസിന് മുകളിലുള‌ള 100 പേരിൽ ബീജിംഗ് സർവകലാശാലയിലെ ഡോ.ലിയാംദ് തെങ്‌സിയാവോയും സംഘവും നടത്തിയ പഠനത്തിൽ ചിലർക്ക് ഓക്‌സിജൻ മെഷീൻ ഉപയോഗിച്ചേ ശ്വസിക്കാൻ സാധിക്കുന്നുള‌ളൂ എന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരിൽ പത്ത് ശതമാനം ആളുകളിൽ കൊറോണ വൈറസിനുള‌ള ആന്റിബോഡികൾ അപ്രത്യക്ഷമായി എന്ന ഗുരുതരമായ കണ്ടെത്തലുമുണ്ട്. ഇവരിൽ രോഗപ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തനക്ഷമവുമായിരുന്നില്ല. രോഗം വന്നതിൽ അപമാനഭാരവും വിഷാദരോഗവും ഇവരിലുണ്ടായിരുന്നു.

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിലാണ് കൊവിഡ് രോഗം ആദ്യം ആരംഭിച്ചത്. ഇതുവരെ 68,138 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 4512 പേർ മരിച്ചു. രാജ്യത്ത് ഇപ്പോൾ പുതുതായി 37 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 10 പേർക്ക് മ‌റ്റുള‌ള രാജ്യങ്ങളിൽ നിന്നും വന്നവരിൽ നിന്നാണ് രോഗം പകർന്നതെന്ന് കരുതുന്നു. ചൈനയിൽ നിലവിൽ 84,565 പേരാണ് കൊവിഡ് ബാധിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 4634 ആണ് മരണനിരക്ക്.