തിരുവനന്തപുരം: വ്യവസായ വികസന സോണുകൾ ഉണ്ടാക്കാൻ വേണ്ടി സർക്കാർ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ് മെന്റ് കോർപ്പറേഷൻ (കിൻഫ്ര) കോടിക്കണക്കിന് വില നൽകി ഏറ്റെടുക്കുന്ന ഭൂമിയിൽ ഭൂരിഭാഗവും സർക്കാരിന്റെ ഭൂമിയാണെന്ന് ആക്ഷേപം. വരുന്ന രണ്ടു വർഷത്തിനുള്ളിൽ 500 ഏക്കർ ഭൂമി 500 കോടി രൂപ വില നിശ്ചയിച്ച് ഏറ്റെടുക്കാനാണ് തീരുമാനം.
കേരളത്തിൽ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിനാൽ 15 ഏക്കറിൽ കൂടുതൽ ഭൂമി കണ്ടെത്തണമെങ്കിൽ തോട്ടഭൂമി ഏറ്റെടുക്കേണ്ടി വരും. പല ജില്ലകളിലും ഇത്തരത്തിൽ 50 മുതൽ 100 ഏക്കർ മിച്ചഭൂമിയാണ് കിൻഫ്ര ഇങ്ങനെ ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 1964ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കറിന് മുകളിലുള്ള തോട്ടഭൂമിയെല്ലാം സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് തുച്ഛമായ നഷ്ടപരിഹാരം ഉടമകൾക്ക് നൽകിയാണ് സർക്കാർ ഈ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തത്. ഭൂരഹിതർക്ക് നൽകാനായിരുന്നു ഇത്. അതേസമയം 1970 ജനുവരി ഒന്നുമുതൽ കാപ്പി, കുരുമുളക് , ഏലം തുടങ്ങിയ തോട്ടവിളകൾ സംരക്ഷിക്കാൻ വേണ്ടി തോട്ടങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിന് പകരം 15 ഏക്കറിൽ ഉടമസ്ഥാവകാശം നൽകി ബാക്കി ഭൂമിയിൽ ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരമുള്ള ഇളവ് നൽകുകയാണ് ചെയ്തത്. ഈ ഭൂമിയിൽ തോട്ടക്കൃഷി ചെയ്യാൻ മാത്രമായിരുന്നു അവകാശം. വ്യവസ്ഥ ലംഘിച്ച് തോട്ടക്കൃഷി അല്ലാതെ മറ്റേതെങ്കിലും കൃഷി ചെയ്താൽ ഭൂമി സർക്കാരിന്റേതായി മാറുമെന്നാണ് വ്യവസ്ഥ. ഇത് ഏറ്റെടുക്കാനും ഭരണഘടനാ പരമായി സർക്കാരിന് അവകാശമുണ്ട്.
തോട്ടം ഭൂമി ഏറ്റെടുക്കുമ്പോൾ 15 ഏക്കറിന് മാത്രമേ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം പൊന്നുംവില നൽകേണ്ടതുള്ളു. ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമിയായി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം മാത്രമേ ബാക്കി തോട്ട ഭൂമിക്ക് നൽകേണ്ടതുള്ളൂ. മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നതുപോലെ തോട്ടഭൂമിയിൽ സീലിംഗ് പരിധിക്ക് പുറത്തുള്ള ഇളവ് കിട്ടിയ ഭൂമിയുടെ ഉടമസ്ഥാവകാശവും സർക്കാരിന് തന്നെ. അങ്ങനെയെങ്കിൽ കോടികൾ നഷ്ടപരിഹാരം നൽകുന്നതെന്തിനെ ചോദ്യമാണ് ഉയരുന്നത്. അതാണ് കിൻഫ്രയുടെ കാര്യത്തിൽ ആക്ഷേപം ഉയർന്നതും. സർക്കാർ ഭൂമി പണം നൽകി സർക്കാർ തന്നെ ഏറ്റെടുക്കുന്നതിനെ നിയമവിദഗ്ദ്ധരും എതിർത്തിട്ടുണ്ട്.