കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ വായ്‌പാ തിരിച്ചടവുകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഈമാസം അവസാനിക്കും. മാർച്ച് ഒന്നുമുതൽ ആഗസ്‌റ്ര് 31വരെയുള്ള വായ്‌പാത്തവണകൾക്കാണ് മോറട്ടോറിയം. വായ്‌പാത്തവണ അടയ്ക്കുന്നത് ഒഴിവാക്കി കൊടുക്കുകയല്ല, ആറുമാസത്തെ സാവകാശമാണ് റിസർവ് ബാങ്ക് നൽകിയത്.
ഈ ആറുമാസത്തെയും പലിശ ബാങ്കുകൾ അടുത്തമാസം മുതൽ ഈടാക്കും. മോറട്ടോറിയം കാലത്തെ വായ്‌പാത്തിരിച്ചടവിന്, ഫലത്തിൽ പിന്നീട് ആറുമാസം ലഭിക്കും. ഇക്കാലയളവിലെ പലിശയും ഇടപാടുകാരൻ നൽകണം. താത്പര്യമുള്ളവർ മാത്രം മോറട്ടോറിയം തിരഞ്ഞെടുത്താൽ മതിയെന്ന ഓപ്‌ഷനുമുണ്ടായിരുന്നു. ലോക്ക്ഡൗണിൽ ഒട്ടേറെ ബിസിനസ് സംരംഭങ്ങളും വ്യക്തിഗത വായ്‌പാ ഇടപാടുകാരും മോറട്ടോറിയം പ്രയോജനപ്പെടുത്തിയിരുന്നു. മോറട്ടോറിയം നീട്ടണമെന്നും ഇക്കാലത്തെ പലിശ ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നെങ്കിലും റിസർവ് ബാങ്ക് പരിഗണിച്ചില്ല. പകരം, വായ്‌പ പുനഃക്രമീകരിക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ആർക്കാണ് യോഗ്യത
വ്യക്തിഗത, കോർപ്പറേറ്ര്, ചെറുകിട സംരംഭക വായ്‌പകൾ ഒറ്റത്തവണ പുനഃക്രമീകരിക്കാം. എന്നാൽ, നിലവിൽ കിട്ടാക്കടമായ (എൻ.പി.എ) ആയ വായ്‌പകൾ പുനഃക്രമീകരിക്കാനാവില്ല. പുനഃക്രമീകരിക്കുന്ന വായ്‌പ കിട്ടാക്കടമായി പ്രഖ്യാപിക്കില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശം മാറ്റാതെയാകും വായ്‌പാ പുനഃക്രമീകരണം.
വായ്‌പകൾ ഏതൊക്കെ
വ്യക്തിഗത, വിദ്യാഭ്യാസ, കൺസ്യൂമർ, വാഹന വായ്‌പകൾ തുടങ്ങിയവ പുനഃക്രമീകരിക്കാം. ജി.എസ്.ടി രജിസ്‌ട്രേഷനുള്ളതും കിട്ടാക്കട ബാദ്ധ്യതയില്ലാത്തവയുമായ ചെറുകിട സംരംഭങ്ങൾ (എം.എസ്.എം.ഇ), കോർപ്പറേറ്റ് വായ്‌പകൾ എന്നിവ പുനഃക്രമീകരിക്കാം. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വായ്‌പകളാണ് പുനഃക്രമീകരിക്കാനാവുക.
നടപടി എങ്ങനെ
ബാങ്കും ഇടപാടുകാരനും ചേർന്നാണ് പുനഃക്രമീകരണ പദ്ധതി തയ്യാറാക്കേണ്ടത്. കൊവിഡിൽ പ്രതിസന്ധിയിലായ വായ്‌പകളുടെ തിരിച്ചടവ്, ഇടപാടുകാരന്റെ വരുമാനം കണക്കാക്കി പരിഷ്‌കരിക്കാം. പുനഃക്രമീകരണം ഈവർഷം ഡിസംബർ 31നകം തുടങ്ങി 90 ദിവസത്തിനകം പൂർത്തിയാക്കണം. വായ്‌പ തിരിച്ചടയ്ക്കാൻ കൂടുതൽ സാവകാശം ലഭിക്കുമെന്ന് മാത്രമല്ല, പലിശഭാരം കുറയാനും ഇതു സഹായിക്കും.
55%
രാജ്യത്തെ മൊത്തം വായ്‌പകളിലെ 55 ശതമാനത്തോളം പുനഃക്രമീകരണത്തിന് യോഗ്യമാണെന്നാണ് വിലയിരുത്തൽ. എം.എസ്.എം.ഇ വായ്‌പകളുടെ മാത്രം മൂല്യം 28 ലക്ഷം കോടി രൂപ വരും.